ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി)ന്റെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും. പുതിയ റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അശ്വിന്‍ രണ്ടാമതെത്തിയപ്പോള്‍ ആറു സ്ഥാനംകയറി രവീന്ദ്ര ജഡേജ ഒന്‍പതാമതെത്തി.
കഴിഞ്ഞ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതോടെ പുതിയ കാലത്ത് ഒന്നാമനാകുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന നേട്ടവും നാല്‍പ്പതുകാരനായ ആന്‍ഡേഴ്‌സന്റെ പേരിലായി. ന്യൂസിലന്‍ഡിനെതിരേ മൗണ്ട് മൗന്‍ഗന്യൂയിയില്‍ നടന്ന ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ 267 റണ്‍ വമ്പന്‍ ജയത്തിനു പിന്നില്‍ നിര്‍ണായക ശക്തി ആന്‍ഡേഴ്‌സണായിരുന്നു. മത്സരത്തിലൊട്ടാകെ ഏഴുവിക്കറ്റാണ് താരം നേടിയത്.
കരിയറില്‍ ഇത് ആറാംവട്ടമാണ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മുമ്പനാകുന്നത്. 2003-ല്‍ ലോര്‍ഡ്‌സില്‍ സിംബാബ്‌വേയ്‌ക്കെതിരേ അരങ്ങേറിയ ആന്‍ഡേഴ്‌സണ്‍ ഇതുവരെ 178 ടെസ്റ്റില്‍നിന്നായി 682 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. വിക്കറ്റ് വേട്ടക്കാരില്‍ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ (800), ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍ (708) എന്നിവര്‍ക്കുപിന്നില്‍ മൂന്നാമതാണ് ആന്‍ഡേഴ്‌സണ്‍. കഴിഞ്ഞ റാങ്കിങ്ങില്‍ ഒന്നാമതായിരുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് രണ്ടു സ്ഥാനം താഴേക്കിറങ്ങി മൂന്നാമതായി. 858 റേറ്റിങ് പോയിന്റാണ് കമ്മിന്‍സിനുള്ളത്.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിലെയും തകര്‍പ്പന്‍ ബൗളിങ് പ്രകടനം ജഡേജയെ ആറുസ്ഥാനം കയറാന്‍ സഹായിച്ചു. 763 പോയിന്റാണ് ജഡേജയ്ക്കുള്ളത്. പരുക്കിന്റെ പിടിയിലായി കളിക്കളത്തിനു പുറത്താണെങ്കിലും ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ഇം ണ്ടിന്റെ ഒലി റോബിന്‍സണ്‍ നാലാമതെത്തിയപ്പോള്‍ ഷഹീന്‍ ആഫ്രീദി (പാകിസ്താന്‍), കഗീസോ റബാഡ (ദക്ഷിണാഫ്രിക്ക), കെയ്ല്‍ ജാമിസണ്‍ (ന്യൂസിലന്‍ഡ്) എന്നിവരാണ് ആറുമുതല്‍ എട്ടുവരെ സ്ഥാനങ്ങളില്‍.
ഓസ്‌ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ 912 പോയിന്റുമായി ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഋഷഭ് പന്ത് (ആറ്), രോഹിത് ശര്‍മ (ഏഴ്) എന്നിവരാണ് ആദ്യപത്തിലുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍. 460 പോയിന്റുമായി രവീന്ദ്ര ജഡേജതന്നെയാണ് ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരില്‍ മുന്നില്‍. രവിചന്ദ്രന്‍ അശ്വിന്‍ രണ്ടാമതെത്തിയപ്പോള്‍ ബം ാദേശിന്റെ ഷാക്കിബ് അല്‍ ഹസനും ഇം ണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സിനും പിന്നില്‍ അക്ഷര്‍ പട്ടേല്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. കഴിഞ്ഞ റാങ്കിങ്ങില്‍നിന്ന് രണ്ടു സ്ഥാനം മെച്ചപ്പെടുത്തിയാണ് അക്ഷറിന്റെ കുതിപ്പ്. ട്വന്റി-20 ബൗളര്‍മാരില്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനെ മറികടന്ന് ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.