അമേരിക്കന്‍ പ്രസിഡന്റാകാന്‍ മലയാളിയും

വാഷിങ്ടണ്‍ ഡി.സി: അടുത്ത വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാലക്കാട് വേരുകളുള്ള ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി(37)യും. യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്ന രണ്ടാമത്തെയാളാണ് സംരംഭകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ വിവേക്. ടെക് സംരംഭകനായ വിവേക്, ഫോക്‌സ് ന്യൂസ് ടെലിവിഷന്‍ ചാനലില്‍ രാഷ്ട്രീയ നിരൂപകനായ ടക്കര്‍ കാഴ്‌സണുമായുള്ള അഭിമുഖത്തിലാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. നിക്കി ഹേലിയും യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കായുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു. രാജ്യം മുഖഛായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും രാജ്യത്തെ പഴയ പ്രതാപകാലത്തിലേക്കു മടക്കികൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്നും വിവേക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. ചൈനയെപോലെയുള്ള രാജ്യങ്ങളില്‍ നിന്ന് ബാഹ്യഭീഷണി ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സ് സ്ഥാപകനും സ്ട്രൈവ്സവ് അസറ്റ് മാനേജെ്മന്റ് സഹസ്ഥാപകനുമായ വിവേക് യു.എസിലാണു ജനിച്ചുവളര്‍ന്നത്. 7 വര്‍ഷം മുന്‍പ് കേരളത്തിലെത്തിയിരുന്നു. പാലക്കാട് വടക്കഞ്ചേരി ബാലവിഹാറില്‍ സി.ആര്‍.ഗണപതി അയ്യരുടെ മകനായ വി.ജി.രാമസ്വാമിയാണു വിവേകിന്റെ അച്ഛന്‍. തൃപ്പൂണിത്തുറ സ്വദേശിയാണ് അമ്മ ഗീത രാമസ്വാമി. ഇന്ത്യന്‍ വംശജയായ ഡോ.അപൂര്‍വ തിവാരിയാണു വിവേകിന്റെ ഭാര്യ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →