കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പൊളിക്കപ്പെട്ട ഫ്ലാറ്റുകളുടെ നിർമ്മാതാക്കളായ ഹോളി ഫെയ്ത്ത് ഉടമകളുടെ വ്യക്തിഗത സ്വത്തുക്കൾ ജപ്തി ചെയ്യാൻ സുപ്രീംകോടതി ഉത്തരവ്. ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരമായി നൽകേണ്ട തുക ഇതുവരെ കെട്ടി വയ്ക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹോളി ഫെയ്ത്തിന്റെ കമ്പനി സ്വത്തുക്കൾ നേരത്തെ ജപ്തി ചെയ്തിരുന്നു. ഇവ ലേലം ചെയ്യുന്നതിന് മൂന്ന് മാസത്തെ സമയം കൂടി സംസ്ഥാന സർക്കാരിന് കോടതി അനുവദിച്ചു.
അതേസമയം മരടിൽ തീരദേശ നിയമം ലംഘിച്ച് കെട്ടിടം നിർമിച്ചതിന്റെ ഉത്തരവാദിത്തം സംബന്ധിച്ച തോട്ടത്തിൽ രാധാകൃഷ്ണൻ റിപ്പോർട്ടിൽ 2023 മാർച്ച് 28ന് കോടതി വാദം കേൾക്കും. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ റിപ്പോർട്ടിലെ ചില കണ്ടെത്തലുകളോട് ശക്തമായ വിയോജിപ്പുണ്ടെന്ന് കേരളം കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് റിപ്പോർട്ടിനെ സംബന്ധിച്ച് വിശദമായ വാദംകേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.
പൊളിച്ച ഫ്ലാറ്റിന്റെ ഉടമകൾക്ക് കൂടുതൽ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച അന്തിമ തീരുമാനം അതിനു ശേഷമേ ഉണ്ടാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിർമാതാക്കൾക്ക് മാത്രമല്ല, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും നിയമ ലംഘനത്തിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് സംബന്ധിച്ച് കുറിപ്പ് തയ്യാറാക്കി നൽകാൻ അമിക്കസ് ക്യൂറിയോട് സുപ്രീം കോടതി നിർദേശിച്ചു.

