കേസന്വേഷണത്തിൽ ഗുരുതര വീഴ്ച്ച : തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപിയുടെ വിമർശനം

തിരുവനന്തപുരം: കേസന്വേഷണത്തിൽ ഗുരുതര വീഴ്ച്ച വരുത്തിയ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപിയുടെ വിമർശനം. തിരുവനന്തപുരം റൂറൽ എസ്.പി, കൊല്ലം, തൃശൂർ കമ്മിഷണർമാർ എന്നിവർക്കാണ് വിമർശനം. പീഡന കേസിൽ പ്രതിയാക്കപ്പെട്ട 2 സി.ഐമാരെ അറസ്റ്റ് ചെയ്യാത്തതിനാണ് തിരുവനന്തപുരം റൂറൽ എസ്.പിക്കെതിരായ വിമർശനം. കൊല്ലത്തേയും തൃശൂരിലേയും ചില കേസുകളിലെ അന്വേഷണത്തിലുണ്ടായ വീഴ്ച്ചയ്ക്കാണ് കമ്മീഷണർമാർക്ക് വിമർശനമുണ്ടായത്. പ്രതികളെ പിടികൂടുന്നതിലും കുറ്റപത്രം നൽകുന്നതിലും ഉള്ള വീഴ്ച്ചകൾക്ക് പുറമെ, തുടർനടപടികളെ കുറിച്ചുള്ള പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതിരുന്നതും വിമർശനത്തിന് ഇടയാക്കി.

സാമൂഹിക വിരുദ്ധ സംഘവുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരണമെന്ന് ഡിജിപി നിർദേശിച്ചു. ഉന്നതതല യോഗത്തിലാണ് ജില്ലാ പൊലിസ് മേധാവിമാർക്കുള്ള നിർദേശം. ഗുണ്ടാനിയമപ്രകാരമുള്ള തുടർനടപടികൾ ശക്തമാക്കും. ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ് തടയാൻ പ്രത്യേകം നടപടികളുണ്ടാവും. സംസ്ഥാനത്ത് ലഹരിക്കെതിരായ പൊലിസ് നടപടിയിൽ കാര്യമായ പുരോഗതയുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യോഗം വിലയിരുത്തി.

Share
അഭിപ്രായം എഴുതാം