മൃഗസംരക്ഷണ വകുപ്പിന്റെ പാറശ്ശാലയിലെ ചെക്ക് പോസ്റ്റിൽ ജീവനക്കാർക്ക് കോഴിയായും കൈക്കൂലി

പാറശ്ശാല: മൃഗസംരക്ഷണ വകുപ്പിന്റെ പാറശ്ശാലയിലെ ചെക്ക് പോസ്റ്റിൽ നിന്നും കണക്കിൽപെടാത്ത പണവും പ്രതിഫലമായി വാങ്ങിയ ഇറച്ചിക്കോഴിയും വിജിലൻസ് പിടികൂടിയ വാർത്ത പുറത്തുവന്നിരുന്നു. പരിശോധനക്ക് ചുമതലയുള്ള ഡോക്ടറുടെ വാഹനത്തിൽ ഇറച്ചിക്കോഴി കൊണ്ടുപോകാനുള്ള പ്രത്യേക ബോക്സും വിജിലൻസ് കണ്ടെത്തി. 2023 ഫെബ്രുവരി 22ന് പുലർച്ചെയായിരുന്നു വിജിലൻസിൻെറ മിന്നൽ പരിശോധന.

ചെക്ക് പോസ്റ്റിൽ പരിശോധന കൂടാതെ ഇറച്ചിക്കായികൊണ്ടുവരുന്ന മൃഗങ്ങളെയും കോഴികളെയും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ കടത്തിവിടുന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൂന്നുമണിയോടെ വിജിലൻസ് ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റിലെ ഓഫീസിൽ കയറുമ്പോൾ ഡ്യൂട്ടിലുണ്ടായിരുന്നത് മെഡിക്കൽ ഓഫീസർ ഡോ. ശോഭചന്ദ്രയും രണ്ട് ജീവനക്കാരും. 12 മണിക്ക് ഡോക്ടർ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത് കൈവശം 520 രൂപയുണ്ടെന്നായിരുന്നു. വിജിലൻസുകാർ ഡോക്ടറുടെ ബാഗിൽ നിന്നും മേശക്കുള്ളിൽ നിന്നുമായി കണക്കിൽപ്പെടാത്ത 5300 രൂപ കണ്ടെത്തി. ചുരുട്ടിക്കൂട്ടിയ നോട്ടുകളായിട്ടായിരുന്നു പണം വച്ചിരുന്നത്. ഓഫീസിനുള്ളിലെ ഒരു ബോക്സിൽ രണ്ടു കോഴികളുമുണ്ടായിരുന്നു.

പരിശോധന കൂടാതെ കടത്തിവിട്ട വണ്ടിയിൽ നിന്നും ജീവനക്കാർക്ക് കോഴിയായും പ്രതിഫലം ലഭിക്കാറുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. കോഴിയെ കൊണ്ടുപോകാൻ ഡോക്ടറുടെ കാറിൽ ഒരു ബോക്സും കണ്ടെത്തി. വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- രണ്ട് എസ്പി അജയകുമാറിൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. വകുപ്പുതല നടപടിക്ക് ശുപാ‍ശ ചെയ്യുമെന്നും എസ്പി പറഞ്ഞു.

അതേ സമയം സാംപിൾ പരിശോധനാക്കായി എടുത്തതാണ് ഇറച്ചിക്കോഴിയെന്നാണ് മൃഗസംരക്ഷണ വകുപ്പ് വിശദീകരണം. പക്ഷെ വിജിലൻസ് ഇത് തള്ളിക്കളയുന്നു. സാംപിൾ പരിശോധനക്കായി രക്തം മാത്രം മതിയെന്നും നിരവധി ലോഡുകൾ കടന്നുപോയപ്പോൾ രണ്ട് ഇറച്ചിക്കോഴികൾ മാത്രം ബോക്സിൽ നിന്നും കണ്ടെത്തിയത് ദുരൂഹത കൂട്ടുന്നുവെന്നും വിജിലൻസ് പറയുന്നു. കേസ് എടുത്ത് കൂടുതൽ വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യാനാണ് വിജിലൻസ് നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →