മഞ്ചേരി: നിരോധിതസംഘടനയായ സി.പി.ഐ. മാവോയിസ്റ്റ് നേതാവ് ചത്തീസ്ഗഡ് ബീജാപ്പൂര്‍ മന്‍കെലി പട്ടേല്‍പര റംലുകൊര്‍സയുടെ മകന്‍ ദീപക്കിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി റിമാന്‍ഡ് കാലാവധി ഒരു മാസത്തേക്കുകൂടി നീട്ടി. പോത്തുകല്ല് പോലീസ് ചാര്‍ജ് ചെയ്ത കേസിലാണു ദീപക്കിന്റെ റിമാന്‍ഡ് കാലാവധി മഞ്ചേരി യു.എ.പി.എ. സ്‌പെഷല്‍ കോടതി ജഡ്ജി എസ്. മുരളീകൃഷ്ണ നീട്ടിയത്. 2019 ഓഗസ്റ്റ് 28നു വൈകിട്ട് ആറിനും 11നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. പോത്തുകല്ല് വാണിയംപുഴ നിവാസികള്‍ പ്രളയത്തെത്തുടര്‍ന്ന് ഷെഡ് കെട്ടി താമസിക്കുകയായിരുന്നു. ഇവിടേക്ക് യൂണിഫോം ധരിച്ച് തോക്കുകളുമായി എത്തിയ സംഘം ആളുകളെ വിളിച്ചുകൂട്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും പോലീസ് സംവിധാനത്തിനും എതിരേ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നാണു കേസ്.
സംഘത്തില്‍ ദീപക്കിനൊപ്പം മാവോയിസ്റ്റ് നേതാക്കളായ സോമന്‍, ജയണ്ണ, ഉണ്ണിമായ എന്നിവരും ഉണ്ടായിരുന്നു. മറ്റൊരു കേസില്‍ അറസ്റ്റിലായ ദീപക്കിനെ 2021 നവംബര്‍ 16നു പോലീസ് ജയിലില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സിനിക്, ചന്ദ്രു, റംലു തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ദീപക്കിനെ 2021 നവംബര്‍ 18ന് പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. അതിനു ശേഷം ദീപക്കിന് ജാമ്യം ലഭിച്ചിട്ടില്ല. ഇയാള്‍ക്കെതിരേ തടാകം, ബെജ്ജി, കൊച്ചി സ്‌റ്റേഷനുകളില്‍ ആയുധവും സ്‌ഫോടകവസ്തുക്കളും കൈവശം വച്ചതിനടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്.
പോത്തുകല്ല് കേസ് നിലമ്പൂര്‍ ഡി.വൈ.എസ്.പി. സാജു കെ. ഏബ്രഹാമാണ് അന്വേഷിക്കുന്നത്.

