വരള്‍ച്ചയില്‍ ആശ്വാസം; കുറ്റ്യാടി അണക്കെട്ട് കനാല്‍ തുറന്നു

പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതി പ്രധാന കനാല്‍ തുറന്നു. പദ്ധതി നിര്‍മ്മാണ ഘട്ടത്തില്‍ ജീവന്‍ പൊലിഞ്ഞവരെ അനുസ്മരിച്ച് അലങ്കരിച്ച സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഒന്‍പതരയോടെ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ വകുപ്പ് എക്‌സി. എഞ്ചിനീയര്‍ യു.കെ. ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് അണക്കെട്ടിനുള്ളിലെ ലിവര്‍ തിരിച്ച് ഷട്ടര്‍ ഉയര്‍ത്തി ജലം പ്രധാന കനാലിലേക്കൊഴുക്കി. ജലസേചന വകുപ്പിലെ അസി. എക്‌സി. എഞ്ചിനീയര്‍മാരായ സി.എച്ച്. ഹാബി, കെ. ഫൈസല്‍, വി. അരവിന്ദാക്ഷന്‍, കെ. രഞ്ജിത്ത്, കെ.ടി. സുജാത, അസി. എഞ്ചിനീയര്‍മാരായ കെ.ടി. അര്‍ജുന്‍, വി.പി. അശ്വിന്‍ ദാസ്, വി.കെ. അശ്വതി, കെ.പി. പ്രമിത, റിട്ട. എഞ്ചിനീയര്‍ വി.കെ. സുചിത്ര എന്നിവരും നിരവധി വകുപ്പുദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. അഞ്ച് സെന്റി മീറ്ററില്‍ തുടങ്ങി 25 സെന്റിമീറ്റര്‍ വരെ എന്ന തോതിലാണു ഇന്നലെ ജലം ഒഴുക്കിയത്. വരുംദിവസങ്ങളില്‍ ഇത് ഘട്ടംഘട്ടമായി 90 സെന്റിമീറ്ററായി ഉയര്‍ത്തും.

ആദ്യ ഘട്ടത്തില്‍ ഇടതുകര കനാലിന്റെ ഭാഗമായ കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലെ വലുതും ചെറുതുമായ കനാലുകളില്‍ ജലം നിറയും. ഇതിനു ശേഷം മാര്‍ച്ച് മൂന്നോടെ വടകര താലൂക്കിലേക്ക് ജലമൊഴുക്കുന്ന വലതുകര കനാല്‍ തുറക്കും. ഓരോ മേഖലക്കും പ്രാധാന്യം നല്‍കി കനാല്‍ തുറക്കുന്നതില്‍ മാറ്റങ്ങളുണ്ടാകാം. പരിമിതമായ ഫണ്ടാണു ലഭിച്ചതെങ്കിലും ഫലപ്രദമായി കനാലുകളെ ഒരുക്കിയ ശേഷമാണു ഇക്കുറി അണക്കെട്ടു തുറന്നത്. കൃഷി നനക്കുന്നതിനോടൊപ്പം കനാല്‍ ജലം കുടി വെള്ള സ്‌റോതസുമാണ്. കനാല്‍ ജലം കടന്നു പോകുന്ന ഭാഗങ്ങളിലെ കിണറുകള്‍, കുളങ്ങള്‍, തോടുകള്‍ എന്നിവയെല്ലാം ജലസമൃദ്ധമാകും എന്നതാണിതിന്റെ പ്രത്യേകത. ഇന്നലെ കനാലിലേക്ക് ജലമൊഴുക്കിയ ശേഷവും ഡാം സ്പില്‍വേകളിലൂടെ ജലം പുഴയിലേക്ക് ഒഴുകി പതിക്കുന്നതിനു കുറവു വന്നിട്ടില്ല. കടുത്ത വേനലിലും പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി ഡാം റിസര്‍വോയര്‍ ജല സമൃദ്ധമാണ്.

കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ തുറന്നത് പെരുവണ്ണാമൂഴിയില്‍ വനം വകുപ്പിന്റെ പരിപാലന കേന്ദ്രത്തിലെ മുതലക്കും ആശ്വാസമായി. വറ്റി വരണ്ട വിശാലമായ കുളത്തില്‍ ജലം ഒഴുകി പരക്കാന്‍ തുടങ്ങിയതോടെ ഡെപൂട്ടി റെയ്ഞ്ചര്‍ ഇ. ബൈജു നാഥ് എത്തി മുതലയെ നീറ്റിലിറക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇരുമ്പു കമ്പി വലക്കുള്ളിലെ ഇടുങ്ങിയ കുളത്തില്‍ കഴിഞ്ഞ 36 വയസുള്ള ആണ്‍ മുതല കുളത്തിലേക്കു നീങ്ങി.പെരുവണ്ണാമൂഴി ടൂറിസ്റ്റു കേന്ദ്രത്തിന്റെ പ്രധാന ഭാഗമാണു മുതല പരിപാലന കേന്ദ്രം. 1977 ല്‍ ഡോ. കെ.ജി. അടിയോടി മന്ത്രിയായിരുന്നപ്പോള്‍ സ്ഥാപിച്ചതാണിത്. അന്നത്തെ ഗവര്‍ണര്‍ എന്‍.എന്‍. വാഞ്ചുവായിരുന്നു ഉദ്ഘാടനം. ആവശ്യത്തിനു ഫണ്ടു നല്‍കി അല്‍പ്പം നവീകരണം കൂടി നടത്തിയാല്‍ വളരെ ആകര്‍ഷകമാവും ഈ കേന്ദ്രം. അണക്കെട്ടില്‍ സപ്പോര്‍ട്ടു ഡാമിന്റെ പണി ആരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യമുണ്ടായിരുന്ന പ്രധാന കനാല്‍ ഡാമിനു സമീപം പൊളിച്ചിരുന്നു. ഇതോടെയാണു മുതല വളര്‍ത്തു കേന്ദ്രം വറ്റി വരണ്ടത്. ഈ കനാല്‍ ഭാഗം പുന:സൃഷ്ടിച്ചതോടെയാണു നീരൊഴുക്കും പുന:രാരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →