ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ കര്‍ഷകനെ കാണാതായി

ഇരിട്ടി(കണ്ണൂര്‍): ആധുനിക കൃഷിരീതി പരിശീലിക്കാന്‍ കൃഷിവകുപ്പ് ഇസ്രയേലിലേക്കയച്ച കര്‍ഷകരുടെ സംഘത്തിലെ ഒരാളെ കാണാതായി. ഇരിട്ടി കൂട്ടുപുഴയ്ക്കടുത്തുള്ള പേരട്ട തൊട്ടിപ്പാലം സ്വദേശി ബിജു കുര്യനെ(48)യാണു കാണാതായത്. സംഘത്തില്‍ 27 കര്‍ഷകരാണ് ഉണ്ടായിരുന്നത്. ഇസ്രയേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്ന് 17 നു രാത്രിയാണ് ബിജു കുര്യനെ കാണാതായത്. രാത്രിഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്കു പുറപ്പെടാന്‍ ബസിനരികിലെത്തിയ ബിജു കുര്യനെ അവിടെനിന്ന് കാണാതാവുകയായിരുന്നു. വിവരം ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചു. ഇസ്രയേല്‍ പോലീസെത്തി സമീപത്തെ സി.സി.ടിവി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ആളെക്കുറിച്ച് വിവരം ലഭിച്ചില്ല. സംഘത്തെ നയിക്കുന്ന കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക് രാത്രിതന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ക്കും വിവരം കൈമാറി.

ഇസ്രയേലിലേക്ക് എയര്‍ടിക്കറ്റിനുള്ള പണം ബിജു കുര്യന്‍ നല്‍കിയിരുന്നെങ്കിലും വിസ സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമുള്ളതാണ്. മേയ് എട്ടുവരെ ഇതിനു കാലാവധിയുണ്ട്. ഇസ്രയേല്‍ പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. അതേസമയം, ബിജു അവിടെനിന്ന് ടെലിഫോണില്‍ ബന്ധപ്പെട്ടെന്നും സുരക്ഷിതനായുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. കൂടുതല്‍ പ്രതികരണത്തിന് അവര്‍ തയ്യാറായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →