മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ വരും സീസണ്‍ മാര്‍ച്ച് 31 നു തുടങ്ങും. അഹമ്മദാബാദില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും.
2019 നു ശേഷം ആദ്യമായി ഹോം/ എവേ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടത്തും. മേയ് 28 ന് അഹമ്മദാബാദിലാണു ഫൈനല്‍. വനിതകളുടെ പ്രഥമ ഐ.പി.എല്‍. മേയ് 26 നാണ് അവസാനിക്കുന്നത്. അതിന് അഞ്ച് ദിവസങ്ങള്‍ക്കു ശേഷമാണ് പുരുഷന്‍മാരുടെ ലീഗ് തുടങ്ങുക. ആദ്യ ആഴ്ചയില്‍ പത്ത് ടീമുകള്‍ കളത്തിലുണ്ടാകും.
പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മില്‍ മൊഹാലിയിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ ലഖ്‌നൗവിലും ഏറ്റുമുട്ടും. ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെയും ബംഗളുരുവില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാം ൂര്‍ മുംബൈ ഇന്ത്യന്‍സിനെയും നേരിടും. പ്ലേ ഓഫ് മത്സരങ്ങളുടെ തീയതികള്‍ പുറത്തുവിട്ടില്ല.
കഴിഞ്ഞ സീസണിലേതു പോലെ ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കിയാണു മത്സരം. എ ഗ്രൂപ്പില്‍ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ്. ബി ഗ്രൂപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ബാം ൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, ഗുജറാത്ത് ടൈറ്റാന്‍സ്, പഞ്ചാബ് കിങ്‌സ്, ഹൈദരാബാദ് സണ്‍റൈസേഴ്‌സ് എന്നിവരാണ്. ഇത്തവണ ഓരോ ടീമിനും 14 ലീഗ് മത്സരങ്ങള്‍ വീതമുണ്ടാകും. മാര്‍ച്ച് 31 മുതല്‍ മേയ് 21 വരെ 52 ദിവസങ്ങളിലായി 70 മത്സരങ്ങള്‍ നടക്കും. 12 നഗരങ്ങളാണു വേദിയാകുക. സ്ഥിരം വേദികളായ ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത, ലഖ്‌നൗ, ഡല്‍ഹി, അഹമ്മദാബാദ്, ജയ്പുര്‍, മൊഹാലി എന്നിവ കൂടാതെ ഗുവാഹാത്തി (റോയല്‍സിന്റെ രണ്ടാം വേദി), ധര്‍മശാല (പഞ്ചാബ് കിങ്‌സിന്റെ രണ്ടാം വേദി) എന്നിവിടങ്ങളിലും മത്സരങ്ങളുണ്ടാകും.
റോയല്‍സിന്റെ ആദ്യ രണ്ട് ഹോം മത്സരങ്ങള്‍ ഗുവാഹാത്തിയിലും ശേഷിച്ച് അഞ്ച് മത്സരങ്ങള്‍ ജയ്പൂരിലുമാകും. പഞ്ചാബിന്റെ അവസാന രണ്ട് ഹോം മത്സരങ്ങള്‍ ധര്‍മശാലയിലാകും. ആദ്യ അഞ്ച് ഹോം മത്സരങ്ങള്‍ മൊഹാലിയിലുമായിരിക്കും. ഏപ്രില്‍ എട്ടിനും മേയ് ആറിനുമായി മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ നടക്കുന്ന മത്സരങ്ങളാണ് ഏറ്റവും ആവേശകരമാകുക. മേയ് ആറിലെ മത്സരത്തോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 1000 കളികളാകും.

