ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ആശ്വാസം. നിര്‍ണായക മത്സരത്തില്‍ ഒഡിഷയെ 1-0 ത്തിനു തോല്‍പ്പിച്ച കേരളം സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട് ഗോളടിച്ചു. ഒന്നാം പകുതിയിലാണ് ഗോള്‍ പിറന്നത്. കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളത്തിനും ഒഡീഷയ്ക്കും ജയം അനിവാര്യമായിരുന്നു. ആദ്യ മിനിറ്റ് മുതല്‍ കേരളവും ഒഡിഷയും ആക്രമണം അഴിച്ചുവിട്ടു. 15-ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കേരളത്തിന്റെ ക്രോസിന് ഒഡിഷ താരം കൈവെച്ചതോടെയാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത നിജോ ഗില്‍ബര്‍ട്ടിന് തെറ്റിയില്ല. ഫൈനല്‍ റൗണ്ടിലെ നിജോയുടെ മൂന്നാം ഗോള്‍ കൂടിയാണിത്. ഗോള്‍ വഴങ്ങിയ ശേഷം ഒഡിഷ ആക്രമണം കടുപ്പിച്ചു. പലപ്പോഴും കേരള ബോക്‌സിനുള്ളില്‍ ആതിഥേയര്‍ ഭീതിപരത്തി. കേരളത്തിന്റെ പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടാം പകുതിയില്‍ കേരളം പ്രതിരോധത്തിലൂന്നി. അതോടെ ഒഡിഷ പരമാവധി ശ്രമിച്ചിട്ടും ഗോളടിക്കാനായില്ല. തോല്‍വിയോടെ ഒഡിഷയുടെ സെമി ഫൈനല്‍ സാധ്യതകള്‍ അസ്തമിച്ചു.
ഗോവയെ 3-1 നു തോല്‍പ്പിച്ച പഞ്ചാബ് നാല് കളികളില്‍നിന്നു 10 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തില്‍ കര്‍ണാടക മഹാരാഷ്ട്രയെ 3-3 നു സമനിലയില്‍ കുരുക്കി. നാല് കളികളില്‍നിന്ന് എട്ട് പോയിന്റ് നേടിയ കര്‍ണാടക രണ്ടാമതും ഏഴ് പോയിന്റ് നേടിയ കേരളം മൂന്നാമതുമാണ്. നാളെ നടക്കുന്ന മത്സരത്തില്‍ കേരളം പഞ്ചാബിനെ നേരിടും. ഉച്ചയ്ക്കു മൂന്ന് മുതലാണു മത്സരം. അന്നേ ദിവസം കര്‍ണാടക ഒഡീഷയെയും നേരിടും.

