കളമശേരി/കാക്കനാട്: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 19 വയസുകാരി പ്രസവിച്ച് ഉപേക്ഷിച്ച നവജാത ശിശുവിനെ തൃപ്പൂണിത്തുറ സ്വദേശിക്കു കൈമാറാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ മുഖ്യപ്രതി മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് എ. അനില്‍ കുമാര്‍ അറസ്റ്റില്‍. മധുരയില്‍ ഒളിവില്‍ കഴിയവേ കൊച്ചിയില്‍നിന്നുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെത്തിച്ചു. തൃക്കാക്കര അസി. കമ്മിഷണര്‍ ബേബിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യംചെയ്തു. മുന്‍പും ഇത്തരത്തില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടാകാമെന്ന സംശയത്തിലാണു പോലീസ്.
കുഞ്ഞിനു ജന്മം നല്‍കിയ യുവതി വിദേശത്തേക്കു കടന്നിരുന്നു. കുട്ടിയുടെ പിതാവ് എന്നവകാശപ്പെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്കുമുന്നില്‍ ഹാജരായ യുവാവ് കുട്ടിയെ സംരക്ഷിക്കാനായി വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ മാതാവ് നേരിട്ട് ഹാജരായി മാതൃത്വം തെളിയിക്കണമെന്ന നിലപാടിലാണ് സി.ഡബ്ലിയു.സി അധികൃതര്‍ നവജാത ശിശുവിനെ മക്കളില്ലാത്ത ദമ്പതികള്‍ക്ക് കൈമാറിയത് യഥാര്‍ത്ഥ മാതാപിതാക്കളുടെ സമ്മതത്തോടെയാണോ എന്നതും അന്വേഷിക്കും. കുട്ടിയുടെ മാതാപിതാക്കളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാനായി മുഖ്യപ്രതിക്ക് ചോര്‍ത്തിനല്‍കിയതായി സംശയിക്കുന്ന ജീവനക്കാരിയേയും ചോദ്യം ചെയ്യും.
കളമശ്ശേരി മെഡിക്കല്‍ കോളേജ് സുപ്രണ്ടിന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന അനില്‍കുമാര്‍, കളമശേരി നഗരസഭയിലെ ജനന – മരണ സര്‍ട്ടിഫിക്കറ്റുകളുടെ കിയോസ്‌ക് കൈകാര്യം ചെയ്തിരുന്ന താത്കാലിക ജീവനക്കാരിയെ സ്വാധീനിച്ചാണ് ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

