മലപ്പുറം: യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചകേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് റിമാന്‍ഡില്‍. മമ്പാട് പൊങ്ങല്ലൂര്‍ പൊയിലില്‍ ഷമീമിനെയാണു കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തത്. ഇയാളെ മഞ്ചേരി സബ്ജയിലിലേക്കു മാറ്റി. ബുധനാഴ്ച്ച പുലര്‍ച്ചെ നാലോടെയാണ് ഷമീമിന്റെ ഭാര്യ സുല്‍ഫത്ത് വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്.
തന്റെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവാണെന്നു കാണിച്ച് എഴുതിയ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. സുല്‍ഫത്ത് ആത്മഹത്യ ചെയ്ത ദിവസം സുല്‍ഫത്തിന്റെ സഹോദരനും ഷമീമിനൊപ്പം വീട്ടിലുണ്ടായിരുന്നു.
സഹോദരന്റെ പേരും ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ളതായാണു പോലീസ് നല്‍കുന്ന വിവരം. ഷമീമിന്റെയും സുല്‍ഫത്തിന്റെയും ബന്ധുക്കളില്‍നിന്നു വരുംദിവസങ്ങളില്‍ പോലീസ് വിവരങ്ങള്‍ ശേഖരിക്കും. കൂടാതെ ബംഗളുരുമായുള്ള ഷമീമിന്റെ ബന്ധവും പോലീസ് അന്വേഷിക്കും. ഷമീം ഇടക്കിടെ ബംഗളൂരു യാത്ര ചെയ്തിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 11-ന് സുല്‍ഫത്തിന്റെ സഹോദരന്‍ സല്‍മാനൊപ്പം ബംഗളുരുവില്‍ പോയിരുന്നു. മടങ്ങിവന്ന ദിവസമാണ് സുല്‍ഫത്ത് ആത്മഹത്യ ചെയ്തത്. തനിക്കു ഭര്‍ത്താവില്‍നിന്ന് അനുഭവിക്കേണ്ടിവന്ന ക്രൂരമര്‍ദ്ദനങ്ങളും പീഡനങ്ങളും ആത്മഹത്യാ കുറിപ്പില്‍ ഉണ്ട്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പോലീസ് പറയുന്നത്.