ഹൈദരാബാദ്: റുപേ പ്രൈം വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനു വീണ്ടും തോല്‍വി. ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് 3-2 നാണു കൊച്ചിയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 15-13, 10-15, 15-13, 15-6, 13-15. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനു സീസണ്‍ രണ്ടില്‍ ഇതുവരെ ജയിക്കാനായില്ല.
നിലവിലെ ചാമ്പ്യന്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സും കാലിക്കറ്റ് ഹീറോസും തമ്മില്‍ 16/02/23 വ്യാഴാഴ്ച ഏറ്റുമുട്ടും. രണ്ടാം സീസണിലെ എല്ലാ മത്സരങ്ങളും ജയിച്ച ടീമുകളാണ് അവര്‍. ഗച്ചിബോളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ മത്സരം ആവേശകരമാകുമെന്ന് ഉറപ്പ്. ആദ്യ സെറ്റ് നഷ്ടമായ കൊച്ചി രണ്ടാം സെറ്റില്‍ കളിയിലേക്ക് തിരിച്ചുവന്നെങ്കിലും അപ്രമാദിത്യം നിലനിര്‍ത്താനായില്ല.
സീസണില്‍ കൊച്ചിയുടെ മൂന്നാം പരാജയമാണിത്. ബംഗളുരു ലെഗിലെ രണ്ട് മത്സരങ്ങളും കൊച്ചി ടീം തോറ്റു. നാലു മത്സരങ്ങളില്‍നിന്ന് രണ്ടു ജയവുമായി ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അവസാന സ്ഥാനത്താണ് ബ്ലൂ സ്‌പൈക്കേഴ്‌സ്.

