എഴുത്തുകാരൻ സി. രാധാകൃഷ്ണന് മലയാളസർവകലാശാലയുടെ ഡി.ലിറ്റ്

തിരൂർ: മലയാളസർവകലാശാലയുടെ ഡി.ലിറ്റ് എഴുത്തുകാരൻ സി. രാധാകൃഷ്ണൻ ഏറ്റുവാങ്ങി . ഈ ബഹുമതി പഠിച്ചുവാങ്ങാൻ ആഗ്രഹിച്ചതാണെങ്കിലും നടക്കാതെപോയ സ്വപ്നമാണെന്ന് സി. രാധാകൃഷ്ണൻ പറഞ്ഞു. ആർട്ടിസ്റ്റ് മദനൻ വരച്ച വള്ളത്തോളിന്റെ ചിത്രം മലയാളസർവകലാശാലയിൽ വളളത്തോൾ ചെയർ ഉദ്ഘാടനച്ചടങ്ങിൽ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.

തന്നെ കവിതയും പദപ്രയോഗവും പഠിപ്പിച്ചത് മഹാഗുരുവായ വള്ളത്തോൾ നാരായണമേനോനായിരുന്നുവെന്നും രാധാകൃഷ്ണൻ പറഞ്ഞു. അദ്ദേഹത്തിന് മുത്തച്ഛനുമായി അടുത്ത ബന്ധമായിരുന്നുവെന്നും അതുവഴി വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹത്തെ കാണാൻ കഴിഞ്ഞതെന്നും അദ്ദേഹം അനുസ്മരിച്ചു.

വള്ളത്തോൾ ചെയർ മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ ചെയറിനും മലയാളസർവകലാശാലയ്ക്ക് കെട്ടിടം പണിയാനും ആവശ്യമായ തുക അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ അധ്യക്ഷതവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ചാത്തനാത്ത് അച്യുതനുണ്ണിയെ ആദരിച്ചു.
.
സി. രാജേന്ദ്രൻ, ഇ. രാധാകൃഷ്ണൻ, കെ.പി. രാമനുണ്ണി എന്നിവർ പ്രസംഗിച്ചു. കവിയും പ്രഭാഷകനുമായ കൽപ്പറ്റ നാരായണൻ വള്ളത്തോൾ സ്മാരകപ്രഭാഷണം നടത്തി. മലയാളകവിത അറിവും അനുഭവവും, ആധുനിക കവിത്രയവും തുടർച്ചകളും എന്ന സെമിനാറിൽ പ്രൊഫ. എൻ. അജയകുമാർ, ഡോ. കെ. ആര്യ, റോഷ്ണി സ്വപ്ന, ആർ. ശ്രുതി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെ.എം. അനിൽ അധ്യക്ഷതവഹിച്ചു. സി. ഗണേഷ്, എ. അഭിജിത്ത്, കെ.പി. കൃഷ്ണ, ഷൈജൻ ഡേവിസ്, കെ. ബാബുരാജൻ, ആഷിഷ് സുകു, വി. സ്റ്റാലിൻ, ഇ. അഫ്‌സൽ എന്നിവർ പ്രസംഗിച്ചു.

വള്ളത്തോൾ ചെയർ നടത്തിയ പ്രബന്ധമത്സരത്തിൽ ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയ കെ. പ്രവീണ, കെ. ശ്രുതി എന്നിവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണംചെയ്തു. മലയാളസർവകലാശാല കലാ ഫാക്കൽറ്റി നടത്തിയ കലാസന്ധ്യയിൽ കഥകളിപ്പദങ്ങൾ, വി.പി അണിമയുടെ മോഹിനിയാട്ടം, സംസ്‌കാര-പൈതൃക പഠനം വിദ്യാർഥികൾ അവതരിപ്പിക്കുന്ന അയ്യങ്കാളിമാല എന്നിവയുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →