ജലബജറ്റ് രൂപീകരണം; ;ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ശിൽപശാല

*രാജ്യത്താദ്യമായി എല്ലാ തദ്ദേശ സ്ഥാപന പരിധിക്കുള്ളിലും ജല ബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കമിടുന്നു.

നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി (CWRDM) ചേർന്ന് ജലബജറ്റ് തയ്യാറാക്കുന്നതിൽ ശിൽപശാല സംഘടിപ്പിച്ചു. ഒരു പ്രദേശത്തിന്റെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബജറ്റ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളെയും അടിസ്ഥാനമാക്കി ജലബജറ്റ് തയ്യാറാക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കുന്നത്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത 87 പഞ്ചായത്തുകളിലാണ് ജലബജറ്റ് തയ്യാറാക്കുന്നത്.

എറണാകുളം, വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച ശിൽപശാലയിൽ ഹരിതകേരളം മിഷൻ അസി. കോർഡിനേറ്റർ എബ്രഹാം കോശി വിഷയാവതരണം നടത്തി.  CWRDM സയന്റിസ്റ്റ് ഡോ. സുശാന്ത് ശിൽപശാല നയിച്ചു. ഡോ. വിവേക് പ്രായോഗിക പരിശീലനം നൽകി. ജലബജറ്റ് തയ്യാറാക്കുന്നതിനായുള്ള ശാസ്ത്രീയ രീതിശാസ്ത്രം അടിസ്ഥാനമാക്കി നടന്ന ശിൽപശാലയിൽ വിവര ശേഖരണം, വിശകലനം, റിപ്പോർട്ട് തയ്യാറക്കൽ എന്നിവയ്ക്ക് പുറമെ ജില്ല തിരിച്ചുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളും നടന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കൽ സാങ്കേതിക വിദഗ്ധരെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 8 ജില്ലകളിൽ നിന്നുള്ളവർക്കാണ് വ്യാഴാഴ്ച(16/02/2023) ശിൽപശാല സംഘടിപ്പിച്ചത്. മറ്റു ജില്ലകളിലുള്ളവർക്കുള്ള ശിൽപശാല വെള്ളിയാഴ്ച (17/02/2023) കോഴിക്കോട് നടക്കും. കൃഷി വകുപ്പിൽ നിന്നുള്ള അസി.ഡയറക്ടർമാർ ജലസേചന വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, ഭൂജല വകുപ്പിലെ ഹൈഡ്രോജിയോളജിസ്റ്റുമാർ, സോയിൽ കൺസർവേഷൻ, സോയിൽ സർവേ വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് പദ്ധതി അസി.എഞ്ചിനീയർമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർമാർ, യംഗ് പ്രൊഫഷണലുകൾ, ഇന്റേൺസ് എന്നിവരടങ്ങുന്ന ടെക്നിക്കൽ ടീമംഗങ്ങളാണ് ഇന്ന് ശിൽപശാലയിൽ പങ്കെടുത്തത്. നവകേരളം കർമപദ്ധതി എറണാകുളം ജില്ലാ കോർഡിനേറ്റർ രഞ്ജിനി എസ്. സ്വാഗതം ആശംസിച്ച ശിൽപശാലയിൽ നവകേരളം കർമപദ്ധതി അസി. കോർഡിനേറ്റർ ടി.പി. സുധാകരൻ തുടർ പ്രവർത്തനങ്ങൾ വിശദമാക്കി.

ജലത്തിന്റെ ലഭ്യതയും വിനിയോഗവും വിലയിരുത്താൻ ഉപയോഗിക്കാവുന്ന ശാസ്ത്രീയ ഉപാധിയാണ് ജലബജറ്റ്. ഒരു പ്രദേശത്തിന്റെ ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങൾക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുന്നതിന് ജലബജറ്റ് ഏറെ പ്രയോജനകരമാകുമെന്ന് നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →