എല്ലാ പാര്‍ട്ടികള്‍ക്കും കൂടി 780.77 കോടി സംഭാവന; ബി.ജെ.പിക്കു മാത്രം 614.6 കോടി

ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിക്ക് 2021-22-ല്‍ കിട്ടിയ സംഭാവന 614.6 കോടി രൂപ. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന് 95.4 കോടി ലഭിച്ചെന്നും തെരഞ്ഞെടുപ്പ് നിരീക്ഷണ രംഗത്തുള്ള അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) റിപ്പോര്‍ട്ട്. കോര്‍പ്പറേറ്റ്/ബിസിനസ് മേഖലകളില്‍ നിന്നുള്ള 2,068 സംഭാവനകളിലൂടെ ബി.ജെ.പിക്ക് 548.808 കോടി രൂപ കിട്ടി. 2,876 വ്യക്തിഗത ദാതാക്കളില്‍നിന്നു കിട്ടിയ സംഭാവന 65.774 കോടി രൂപയും.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ദേശീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ച 20,000 രൂപയ്ക്കു മുകളിലുള്ള മൊത്തം സംഭാവന കൂട്ടിനോക്കിയാല്‍ 780.77 കോടി രൂപ വരും. 7,141 സംഭാവനകളില്‍നിന്നാണ് ഈ തുക. 4,957 സംഭാവനകളില്‍നിന്നായി മൊത്തം 614.626 കോടി രൂപയാണു ബി.ജെ.പി. പരസ്യപ്പെടുത്തിയത്. 1,255 സംഭാവനകളില്‍നിന്ന് 95.45 കോടി രൂപ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.ഐ, സി.പി.ഐ-എം, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്‌ക്കെല്ലാം കിട്ടിയ സംഭാവനയുടെ മൂന്നിരട്ടി വരും ഇതേ കാലയളവില്‍ ബി.ജെ.പിക്കു കിട്ടിയ സംഭാവന.

തുടര്‍ച്ചയായി 16-ാം വര്‍ഷവും ബി.എസ്.പി. 20,000 രൂപയില്‍ കൂടുതല്‍ സംഭാവനകളൊന്നും സ്വീകരിച്ചിട്ടില്ലെന്നു പ്രഖ്യാപിച്ചു. 2021-22 സാമ്പത്തിക വര്‍ഷം ദേശീയ പാര്‍ട്ടികളുടെ മൊത്തം സംഭാവനയില്‍ 187.026 കോടി രൂപയുടെ വര്‍ധനയാണു രേഖപ്പെടുത്തിയത്. 2020-21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 31.50% ആണ് വര്‍ധന. ബി.ജെ.പിക്ക് 2020-21 കാലയളവില്‍ 477.545 കോടി രൂപയായിരുന്നു സംഭാവന. 2021-22 ല്‍ ഇത് 28.71% വര്‍ധിച്ചു. 2020-21ല്‍ 74.524 കോടി രൂപയാണ് കോണ്‍ഗ്രസിന് സംഭാവന കിട്ടിയത്. 2021-22 ല്‍ 28.09 ശതമാനം വര്‍ധിച്ചു. 2019-20 നെ അപേക്ഷിച്ച് 2020-21ല്‍ 46.39 ശതമാനം കുറവായിരുന്നു സംഭാവന.
മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സി.പി.എമ്മിന് 22.06% (2.846 കോടി രൂപ) ഇടിഞ്ഞു.

2,551 സംഭാവനകള്‍ കോര്‍പ്പറേറ്റ്/ബിസിനസ് മേഖലകള്‍ വഴിയാണ് പാര്‍ട്ടികള്‍ക്കു കിട്ടിയത്. മൊത്തം സംഭാവനയുടെ 80.16%.- 625.883 കോടി രൂപ. 4,506 വ്യക്തിഗത ദാതാക്കള്‍ 2021-2221 സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടികള്‍ക്ക് 153.328 കോടി രൂപ (മൊത്തം സംഭാവനയുടെ 19.63%) സംഭാവന നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →