കൊച്ചി: 2023 ഫെബ്രുന്ന വരി മാസം 28 ന് മുമ്പ് സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ സർക്കാർ തീരുമാനം. ഫെബ്രുവരി 14ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ചുളള തീരുമാനമുണ്ടായത്. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്.
ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ഓരോ ബസുകളും നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാൻ ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകാൻ യോഗത്തിൽ തീരുമാനമായി. ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാൽ ഉദ്യോഗസ്ഥൻ കൂടി ഇനി ഇതിന് ഉത്തരവാദിയായിരിക്കും.
ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് പ്രശ്നങ്ങൾ പരിശോധിക്കാനാണ് ഗതാഗത മന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതി ബസുകളുടെ മരണപ്പാച്ചിലിനെ നിശിതമായി വിമർശിച്ച് കഴിഞ്ഞ ദിവസം നിലപാടെടുത്തതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു യോഗം. കെ എസ് ആർ ടി സി ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ നിർദ്ദേശം നൽകി. ക്യാമറയിലെ ദൃശ്യങ്ങൾ ആരാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമാകാൻ സഹായിക്കുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം.
ഇതിന് പുറമെ ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന വ്യാപകമായി ഫെബ്രുവരി 28 ന് മുമ്പ് ബസുകളിൽ ക്യാമറ സ്ഥാപിക്കണം. ഡ്രൈവർമാരുടെ ലൈസൻസ് കോപ്പി അടക്കം വിവരങ്ങൾ ബസുടമകൾ ഗതാഗത വകുപ്പിനെ അറിയിക്കണം. ബസ് ജീവനക്കാർക്ക് ആറ് മാസത്തിലൊരിക്കൽ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നൽകാനും തീരുമാനമായി