കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ ഗോകുലം കേരളയ്ക്കു വീണ്ടും തോല്‍വി. കിഷോര്‍ ഭാരതി ക്രീരാംഗനില്‍ നടന്ന മത്സരത്തില്‍ മുഹമ്മദനോട് 2-1 നു തോറ്റതോടെ ഗോകുലത്തിന്റെ കിരീട പ്രതീക്ഷകളും അസ്തമിച്ചു. 16 കളികളില്‍നിന്ന് 24 പോയിന്റ് നേടിയ ഗോകുലം നാലാം സ്ഥാനത്തു തുടര്‍ന്നു. ഒന്നിന് പിറകെ ഒന്നായി പോയിന്റുകള്‍ നഷ്ടമാക്കിയ ഗോകുലം മൂന്നാം സ്ഥാനത്ത് തിരിച്ചെത്താനുള്ള അവസരവും നഷ്ടപ്പെടുത്തി. 17 കളികളില്‍നിന്ന് 20 പോയിന്റുള്ള മുഹമ്മദന്‍ ഒന്‍പതാം സ്ഥാനത്തേക്കു കയറി.
ഒന്നാം പകുതിയില്‍ ഗോകുലത്തിന് കാര്യമായ ഭീഷണി ഉയര്‍ത്താന്‍ മുഹമ്മദനായില്ല. ലഭിച്ച ആദ്യ മികച്ച അവസരത്തില്‍ തന്നെ ഗോകുലം വല കുലുക്കി. പതിനാലാം മിനിറ്റില്‍ പോസ്റ്റിന് മുന്നില്‍നിന്ന് അബ്ദുള്‍ ഹക്കുവിന്റെ ശക്തമായ ഹെഡര്‍ ഗോള്‍ കീപ്പറുടെ കൈയില്‍ തട്ടി വലയില്‍ പതിക്കുകയായിരുന്നു. അവസാന നിമിഷങ്ങളില്‍ തുടര്‍ച്ചയായി കോര്‍ണര്‍ വഴങ്ങിയാണ് മുഹമ്മദന്‍ പ്രതിരോധിച്ചത്. മുപ്പത്തിയഞ്ചാം മിനിറ്റില്‍ സൗരവ് പരുക്കേറ്റു പുറത്തായതു ഗോകുലത്തിനു തിരിച്ചടിയായി. രണ്ടാം പകുതിയില്‍ ചിത്രം മാറി. മുഹമ്മദന്‍ കളി വരുതിയിലാക്കി. 67-ാം മിനിറ്റില്‍ സമനില ഗോള്‍ വീണു. ഹാള്‍ഡര്‍ ബോക്‌സിലേക്ക് തൂക്കി നല്‍കിയ പന്ത് അബിയോള ദൗദയാണ് ലക്ഷ്യത്തിലെത്തിച്ചു.
പരുക്കേറ്റ നൂറിനും തിരിച്ചു കയറേണ്ടി വന്നതോടെ ഗോകുലം തകര്‍ന്നു. 88-ാം മിനിറ്റില്‍ നിക്കോളയുടെ ഷോട്ട് ഗോകുലം ഗോള്‍ കീപ്പര്‍ ഷിബിന്‍ രാജിന്റെ കാലുകളിലും പോസ്റ്റിലും തട്ടിത്തെറിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ വിധി നിര്‍ണയിച്ച ഗോളെത്തി. ബോക്‌സിന് അകലെനിന്നു കീന്‍ ലൂയിസ് തൊടുത്ത ലോങ് റേഞ്ചര്‍ ഷിബിന് പിടി കൊടുക്കാതെ വലയില്‍ ചെന്ന് പതിച്ചു.
തോല്‍വിയോടെ കിരീട പോരാട്ടത്തില്‍നിന്നു പൂര്‍ണമായും പുറത്തായ നിലയിലാണു ഗോകുലം. തുടര്‍ച്ചയായി നാലാം ജയവുമായി ശ്രീനിധി ഡെക്കാന്‍ മുന്നേറ്റം തുടരുകയാണ്. ഇന്നലെ വൈകിട്ട് നടന്ന മത്സരത്തില്‍ അവര്‍ രാജസ്ഥാന്‍ യുണൈറ്റഡിനെ 2-0 ത്തിനു തോല്‍പ്പിച്ചു. ആശീര്‍ അഖ്തര്‍, ലാല്‍ റോമാവിയ എന്നിവര്‍ ശ്രീനിധിക്കു വേണ്ടി ഗോളടിച്ചു. തുടര്‍ച്ചയായ അഞ്ചാം തോല്‍വി നേരിട്ട രാജസ്ഥാന്‍ ഒന്‍പതാം സ്ഥാനത്താണ്. അവരുടെ ഗുരുങ് ഇഞ്ചുറി ടൈമില്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി.
സ്വന്തം തട്ടകമായ ഡെക്കാന്‍ അരീനയില്‍ നടന്ന മത്സരത്തിന്റെ ഒന്നാം പകുതിയിലാണ് ശ്രീനിധി രണ്ടു ഗോളുകളുമടിച്ചത്. അഞ്ചാം മിനിറ്റില്‍ തന്നെ അവര്‍ മുന്നിലെത്തി. ബോക്‌സിനുള്ളില്‍നിന്നു മികച്ച ഫിനിഷിങ്ങോടെ ആശീര്‍ ആണ് ആദ്യ ഗോളടിച്ചത്. നാല്‍പതാം മിനിറ്റില്‍ കസ്റ്റാന്യെഡയുടെ പാസിനെ ലാല്‍റോമാവിയ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍ വീണില്ല.

