മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി. ശേഖരന് നായര്‍(75) അന്തരിച്ചു. ഇന്നലെ രാവിലെ 11-ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നു രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. പ്രസ് ക്ലബിലെ പൊതുദര്‍ശനത്തിനുശേഷം ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. തിരുവനന്തപുരം പുഞ്ചക്കരിയില്‍ കെ. ഗോവിന്ദപ്പിള്ള- ബി. ഗൗരിക്കുട്ടിയമ്മ ദമ്പതിമാരുടെ മകനാണ്. തിരുവല്ലം ബി.എന്‍.വി. ഹൈസ്‌കൂള്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്ട്‌സ് കോളജ്, എം.ജി. കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1980ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ജി. ശേഖരന്‍ നായര്‍ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ആലപ്പുഴ എന്നിവിടങ്ങളില്‍ ബ്യൂറോ ചീഫായും കോഴിക്കോട്ട് ചീഫ് സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അനേ്വഷണാത്മക പത്രപ്രവര്‍ത്തനത്തിലെ മികവിന് മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരമ്പര ഉയര്‍ത്തിയ വിവാദങ്ങളെത്തുടര്‍ന്ന് കെ. കരുണാകരന്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആര്‍. രാമചന്ദ്രന്‍ നായര്‍ രാജിവച്ചിരുന്നു.

കൊളംബോയിലെ സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ മാധ്യമസംഘത്തിലെ അംഗമായിരുന്നു. 2007-ലെ ബെല്‍ഗ്രേഡ് ഇന്റര്‍നാഷണല്‍ പ്രസ് ഏജന്‍സിയുടെ 58-ാമത് ജനറല്‍ അസംബ്ലിയിലും പങ്കെടുത്തിട്ടുണ്ട്. 25 വര്‍ഷം നിയമസഭാ സമ്മേളനം റിപ്പോര്‍ട്ട് ചെയ്തതിന് നിയമസഭ ആദരിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റേതിനു പുറമെ മറ്റ് നിരവധി പുരസ്‌ക്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ് €ബ്ബ് സെക്രട്ടറിയായും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്മതീര്‍ത്ഥക്കരയില്‍, മഴകൊണ്ടുമാത്രം മുളയ്ക്കാത്ത വിത്തുകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചു. ഭാര്യ: ഡോ. പി. രാധാമണി അമ്മ(റിട്ട. അധ്യാപിക). മക്കള്‍: ദീപാ ശേഖര്‍(ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ആക്കുളം), ദിലീപ് ശേഖര്‍(കണ്ണൂര്‍ എയര്‍പോര്‍ട്ട്). മരുമക്കള്‍: ഡോ. എം.കെ. മനു, ചിന്നു ആര്‍. നായര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →