മുഖ്യമന്ത്രി സഭയില്‍ വായിച്ചത് പഴയ ബജറ്റ്; ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം

ജയ്പുര്‍: രാജസ്ഥാന്‍ നിയമസഭയില്‍ പഴയ ബജറ്റ് വായിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ആദ്യ എട്ട് മിനിറ്റ് വായിച്ചശേഷമാണ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റാണ് മുഖ്യമന്ത്രി വായിക്കുന്നതെന്ന് മനസ്സിലായത്. ഉടന്‍ ചീഫ് വിപ്പ് മഹേഷ് ജോഷി മുഖ്യമന്ത്രിയെ തടഞ്ഞു. ആദ്യത്തെ രണ്ട് പദ്ധതികള്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പഴയ ബജറ്റാണെന്ന് മുറുമുറുപ്പയര്‍ന്നിരുന്നു. പഴയ ബജറ്റാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിപക്ഷം പരിഹാസവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് അംഗങ്ങള്‍ പുതിയ ബജറ്റിനായി പരക്കം പാഞ്ഞു. ഒടുവില്‍ ഉദ്യോഗസ്ഥര്‍ പുതിയ ബജറ്റ് എത്തിച്ചു നല്‍കി.

എന്നാല്‍, ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന പുതിയ ബജറ്റ് അവതരിപ്പിക്കാനാകില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തു. ധനമന്ത്രിയാണ് സഭയിലേക്ക് ബജറ്റ് കൊണ്ടുവരേണ്ടതെന്നും മറ്റാരെങ്കിലും അതു കൊണ്ടുവന്നാല്‍ സാങ്കേതികമായി ചോര്‍ന്നതിനു തുല്യമാണെന്നും ബി.ജെ.പി. അംഗങ്ങള്‍ വാദിച്ചു. സംസ്ഥാനത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെയാണ് ധനവകുപ്പും കൈകാര്യം ചെയ്യുന്നത്. സ്പീക്കര്‍ സി.പി. ജോഷി ഇടപെട്ടെങ്കിലും പ്രതിക്ഷം പ്രതിഷേധം തുടര്‍ന്നു. സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു.

തുടര്‍ന്ന് സഭ 30 മിനുട്ട് നേരത്തേക്ക് നിര്‍ത്തിവെച്ചു. സഭ നിര്‍ത്തിവെച്ചതിന് ശേഷവും ബി.ജെ.പി. എം.എല്‍.എമാര്‍ നടുത്തളത്തില്‍ കുത്തിയിരുന്നു. സഭ വീണ്ടും ചേര്‍ന്നയുടന്‍ ആരോപണങ്ങള്‍ തള്ളിയ ഗെലോട്ട്, ബജറ്റ് ചോര്‍ന്നിട്ടില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ നിന്നുള്ള ഒരു പേജ് റഫറന്‍സിനായി പുതിയ ബജറ്റിനൊപ്പം വച്ചിരുന്നതാണെന്നും വ്യക്തമാക്കി. ഇതേ അബദ്ധം മുമ്പ് ബി.ജെ.പിക്കും സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ന്യായീകരിച്ചു.

ഗെലോട്ടിനെ വിമര്‍ശിച്ച ബി.ജെ.പി. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ, ബജറ്റ് വായിക്കാതെയും പരിശോധിക്കാതെയുമാണ് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിനെത്തിയതെന്ന് പറഞ്ഞു. ഈ വര്‍ഷാവസാനം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലവിലെ സര്‍ക്കാരിന്റെ അവസാന ബജറ്റായിരിക്കും ഇത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →