ന്യൂഡല്‍ഹി: ഭൂകമ്പത്തില്‍ വ്യാപകനാശമുണ്ടായ തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് തുര്‍ക്കി വനിത ചുംബിക്കുന്ന ചിത്രം വൈറല്‍. കരസേനയുടെ അഡിഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്റെ (എ.ഡി.ജി. പി.ഐ.) ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ”വി കെയര്‍” എന്ന അടിക്കുറിപ്പിനൊപ്പമാണ് ചിത്രം.
ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍ക്കിയെയും സിറിയയെയും സഹായിക്കാന്‍ ഇന്ത്യ ആരംഭിച്ച ”ഓപറേഷന് ദോസ്തി”നു കീഴില്‍, രണ്ട് രാജ്യങ്ങളിലേക്കും രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും മെഡിക്കല്‍ ടീമുകളെയും അയച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം ദുരിത മേഖലയില്‍ ആശുപത്രി നിര്‍മിക്കുന്നതിന്റെയും ഭൂകമ്പ ബാധിത മേഖലയിലെ താമസക്കാരെ ചികിത്സിക്കുന്നതിന്റെയും ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ നേരത്തേ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
ഓപറേഷന് ദോസ്തിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തിനുള്ള സാമഗ്രികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കിറ്റുകളടക്കം വഹിച്ച ആറു വിമാനങ്ങളെയാണ് തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലേക്ക് അയച്ചിരിക്കുന്നത്. എന്‍.ഡി.ആര്.എഫിന്റെ മൂന്നു സംഘങ്ങള്‍ അടക്കം 250 രക്ഷാപ്രവര്‍ത്തകരും 135 ടണ്‍ വസ്തുക്കളുമാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളില്‍ ഇരു രാജ്യങ്ങളിലുമായി എത്തിച്ചിരിക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡ്, ഡ്രില്ലിങ് മെഷീനുകള്‍, ദുരിതാശ്വാസ സാമഗ്രികള്‍, മരുന്ന്, മറ്റ് അവശ്യസേവനങ്ങളും ഉപകരണങ്ങളും ഓപ്പറേഷന് ദോസ്തിന്റെ ഭാഗമാണ്.
തുര്‍ക്കി സര്‍ക്കാരുമായും അങ്കാറയിലെ ഇന്ത്യന്‍ എംബസിയുമായും ഇസ്താംബുളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ഏകോപിപ്പിച്ചാണ് ഓപ്പറേഷന് ദോസ്ത് പ്രവര്‍ത്തിക്കുന്നത്.

