കൊച്ചി: എം.ജി. സര്‍വകലാശാല കലോത്സവത്തിന്റെ മുഖ്യവേദിയായ മഹാരാജാസ് കോളജ് ഇന്നലെ വിവാഹവേദിയായി. മഹാരാജാസ് കോളജില്‍ 2014-17 കാലത്തു ബിരുദ വിദ്യാര്‍ഥികളായിരുന്ന കൃപയും നദീമുമാണ് കലോത്സവേദിയില്‍ വിവാഹിതരായത്. കോളജിലെ സ്ഥിരം സാംസ്‌കാരിക വേദിയായ ”അരങ്ങി”ല്‍ കലോത്സവത്തിനെത്തിയ നൂറുകണക്കിനു കലാഹൃദയങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു ഇവരുടെ ഒത്തുചേരല്‍. അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് മട്ടാഞ്ചേരി സ്വദേശിയായ നദീമും പനങ്ങാട് സ്വദേശിനി കൃപയും വിവാഹിതരായത്. ഇന്നലെ ഉച്ചയ്ക്ക് 12നു മട്ടാഞ്ചേരി രജിസ്റ്റര്‍ ഓഫീസില്‍ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തശേഷമാണ് കലോത്സവേദിയിലെത്തിയത്. കഴിഞ്ഞ മാസം ഏഴിന് അപേക്ഷ നല്‍കിയ ഇവര്‍ക്ക് ഇന്നലെ ഹാജരാകാനാണ് രജിസ്റ്റര്‍ ഓഫീസില്‍നിന്നു നിര്‍ദേശം ലഭിച്ചത്. ഇതനുസരിച്ച് കോളജില്‍ കൂടാമെന്ന് ഇവരും സുഹൃത്തുക്കളും തീരുമാനിച്ചു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് നദീം. പൂത്തോട്ട ശ്രീനാരായണ ലോ കോളജിലെ അവസാന വര്‍ഷ നിയമ വിദ്യാര്‍ഥിനിയാണ് കൃപ.
സഹപാഠികള്‍ നല്‍കിയ ഓര്‍ക്കിഡ് മാല ചാര്‍ത്തി പ്രതിജ്ഞ ചൊല്ലി കേക്ക് മുറിച്ചും മധുരം നല്‍കിയും ഇവര്‍ കലോത്സദിനത്തിലെ വിവാഹം ആഘോഷമാക്കി.

