ഇസ്താംബുള്‍: തുര്‍ക്കി, സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 12,000 കടന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍ ഇരുരാജ്യങ്ങളിലെയും രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. മരണസംഖ്യ 20,000 വരെ ഉയര്‍ന്നേക്കാമെന്നാണു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
ദുരന്തത്തില്‍ തുര്‍ക്കിയില്‍ ഒരു ഇന്ത്യക്കാരനെ കാണാതായതായി കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു. തുര്‍ക്കിയിലെ വിദൂര മേഖലകളില്‍ കഴിയുന്ന 10 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയില്‍നിന്നു രക്ഷാപ്രവര്‍ത്തകരുടെ മൂന്നാമത്തെ സംഘവും തുര്‍ക്കിയിലെത്തി. പ്രത്യേക പരിശീലനം ലഭിച്ച നായയും സംഘത്തോടൊപ്പമുണ്ട്.
മേഖലയില്‍ അനുഭവപ്പെടുന്ന കടുത്ത തണുപ്പ് ദുരിതത്തിന്റെ തീവ്രത കൂട്ടിയിരിക്കുകയാണ്. കുട്ടികള്‍ തണുത്തു മരവിക്കുകയാണെന്നു ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ തുര്‍ക്കി കഹ്‌റാമാന്‍മരാസില്‍ താമസിക്കുന്ന അലി സഗിറോ പറഞ്ഞു. രണ്ടു ദിവസമായി അധികൃതര്‍ പ്രദേശത്തേക്കു തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.
വീടുകള്‍ വിട്ട് മോസ്‌കുകളിലും സ്‌കൂളുകളിലും ബസ് സ്റ്റാന്‍ഡുകളിലും മറ്റും അഭയം തേടിയിരുക്കുന്നവര്‍ക്കും അവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിക്കിടക്കുന്നവര്‍ക്കുമെല്ലാം മഴയും മഞ്ഞും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തെരുവുകളില്‍ കഴിയുന്നവര്‍ അവശിഷ്ടങ്ങള്‍ കത്തിച്ചാണ് തണുപ്പകറ്റുന്നത്. ഇരുരാജ്യങ്ങളിലേക്കും വിവിധ രാജ്യങ്ങളില്‍നിന്നായി തെരച്ചില്‍ സംഘങ്ങളും ദുരിതാശ്വാസ സമാഗ്രികളും എത്തിത്തുടങ്ങി. അവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ തങ്ങളുടെ സംഘങ്ങള്‍ സജ്ജമായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെട്രോസ് അധാനം പറഞ്ഞു.
ഭൂകമ്പം 2.3 കോടി ആളുകളെ ബാധിക്കുമെന്നാണു വിലയിരുത്തല്‍. ലോകരാജ്യങ്ങള്‍ അടിയന്തരമായി സഹായം എത്തിക്കണമെന്നു ഡബ്ല്യു.എച്ച്.ഒ. ആവശ്യപ്പെട്ടു. തുര്‍ക്കിയുടെ തെക്കന്‍ മേഖലയിലും സിറിയയുടെ വടക്കന്‍ മേഖലയിലുമായി തിങ്കളാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
സിറിയയ്ക്ക് എതിരായ ഉപരോധം അവസാനിപ്പിച്ച് സഹായം എത്തിക്കണമെന്നു സിറിയന്‍ റെഡ് ക്രസന്റ് പാശ്ചാത്യരാജ്യങ്ങളോട് ആവശ്യപ്പെട്ടു. തുര്‍ക്കി പ്രസിഡന്റ് റെസീപ് തയ്യിപ് എര്‍ദോഗന്‍ പത്തു തെക്കുകിഴക്കന്‍ പ്രവിശ്യകളില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.