നികുതിവര്‍ധനയില്‍ ഇടതുമുന്നണിയിലും അസ്വസ്ഥത

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതിവര്‍ധനയില്‍ ഇടതുമുന്നണിയിലും അസ്വസ്ഥത. പെട്രോള്‍, ഡീസല്‍ സെസിനു പുറമേ മുമ്പു പ്രഖ്യാപിച്ച വെള്ളക്കരം വര്‍ധന പ്രാബല്യത്തിലായത് കൂനിന്‍മേല്‍ കുരുവായി. ഇന്ധന സെസും നികുതിവര്‍ധനയും ആയുധമാക്കി പ്രതിപക്ഷം സമരമുഖത്താണ്. അതിനിടെ, സ്വന്തം പാളയത്തില്‍നിന്നുതന്നെ വിമര്‍ശനം ശക്തമായത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഇന്ധന സെസില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ വിയോജിച്ചത് സര്‍ക്കാരിനെ ഞെട്ടിച്ചിരുന്നു. സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുടെ രംഗപ്രവേശം മറ്റൊരു ആഘാതമായി. എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രനും സി.പി.ഐ. ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ബാബുവുമാണ് സെസിനെതിരേ സ്വരമുയര്‍ത്തിയത്. ഇതിനിടയിലും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ തണുപ്പന്‍ സമീപനത്തില്‍ സി.പി.ഐയിലും മുറുമുറുപ്പുണ്ട്.

കുടുംബബജറ്റ് താളംതെറ്റിക്കുന്ന നികുതിവര്‍ധനയ്ക്കിടെ വെള്ളക്കരംകൂട്ടല്‍ പ്രാബല്യത്തിലായത് ജനത്തിന് അധികബാധ്യതയായി. വര്‍ധന മാര്‍ച്ചിലേ നടപ്പാക്കുകയുള്ളൂവെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. എന്നാല്‍, ഒരു കിലോലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് പത്തുരൂപയുടെവരെ വര്‍ധനയുണ്ടാകും. 2016-ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതല്‍ വെള്ളക്കരം കൂട്ടണമെന്ന് ജല അതോറിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോഴാണ് പച്ചക്കൊടി കാട്ടിയത്.
അധികവായ്പയെടുക്കുന്നതിനു കേന്ദ്രം മുന്നോട്ടുവച്ച നിബന്ധനയയെന്ന് വ്യാഖ്യാനിച്ച് വെള്ളക്കരത്തില്‍ പ്രതിവര്‍ഷം അഞ്ചുശതമാനം വര്‍ധന വരുത്തുന്നുണ്ട്. അതിനുപുറമെയാണ് ഇപ്പോഴത്തെ വര്‍ധന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →