കഹ്‌റാമന്‍മാരസിലെ നെഞ്ചുതകര്‍ത്ത ഭൂകമ്പം

ഇസ്താംബുള്‍: സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍നിന്നു രക്ഷപ്പെടാനാണ് അവര്‍ അതിര്‍ത്തി കടന്നു തുര്‍ക്കിയിലെ കഹ്‌റാമന്‍മാരസിലെത്തിയത്. അവിടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണു ഭൂകമ്പം. ആ പട്ടണത്തിലെ 20 ലക്ഷം ജനങ്ങള്‍ക്കൊപ്പം അഭയാര്‍ഥികളും എല്ലാം നഷ്ടപ്പെട്ടവരായി. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലുള്ള കഹ്‌റാമന്‍മാരസാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. വടക്കന്‍ സിറിയയുടെ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിത്. സിറിയന്‍ അഭയാര്‍ഥികളുടെ പ്രധാന ആശ്രയകേന്ദ്രങ്ങളിലൊന്നായിരുന്നു ഈ പട്ടണം.

യുദ്ധവേളയില്‍ സിറിയയില്‍നിന്നു പലായനം ചെയ്ത ആയിരക്കണക്കിനു പേരാണ് ഇവിടെയുള്ളത്. പ്രാദേശിക പുലര്‍ച്ചെ 4.17 നാണ് ഇവിടെ ഭൂകമ്പം ഉണ്ടായതെന്നാണു റിപ്പോര്‍ട്ടുകള്‍. ഇഷ്ടികകൊണ്ടും പൊട്ടാനിടയുള്ള കോണ്‍ക്രീറ്റുകൊണ്ടും നിര്‍മ്മിച്ച നിരവധി കെട്ടിടങ്ങള്‍ ഇവിടെയുള്ളതായി യു.എസ്. ജിയോളജിക്കല്‍ സര്‍വേ ഏജന്‍സി അറിയിച്ചു. ഭൂകമ്പവേളയില്‍ നാശനഷ്ടങ്ങളുടെ തോത് വര്‍ധിപ്പിക്കാന്‍ ഇതും കാരണമായി.

സിറിയയുടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭാഗങ്ങളില്‍ 339 പേരും വിമതര്‍ നിയന്ത്രിക്കുന്ന സിറിയന്‍ ഭാഗങ്ങളില്‍ 221 പേരും കൊല്ലപ്പെട്ടതായാണു റിപ്പോര്‍ട്ട്. എന്നാല്‍, ഭരണസംവിധാനം നാമമാത്രമായതിനാല്‍ ഈ കണക്കുകളില്‍ വലിയ കാര്യമില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ രാജ്യാന്തര സഹായം വേണ്ടിവരും.

സിറിയയിലെ ഔദ്യോഗിക ഭരണകൂടം രാജ്യാന്തര സഹായം തേടിയിട്ടില്ല. വടക്കന്‍ സിറിയയിലെ വിമതര്‍ നിയന്ത്രിക്കുന്ന ഭാഗങ്ങളില്‍ സിറിയന്‍ സിവില്‍ ഡിഫന്‍സ് എന്ന രക്ഷാസംഘം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാധാരണക്കാരെ രക്ഷിക്കാന്‍ രാജ്യാന്തര സമൂഹത്തോട് അവര്‍ അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തകര്‍ സജീവമാണ്. ഭൂകമ്പമുണ്ടായ സ്ഥലങ്ങളില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്താന്‍ വേഗത്തില്‍ത്തന്നെ സംഘങ്ങളെ അയച്ചതായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോവന്‍ ട്വീറ്റ് ചെയ്തു.
ഭൂചലനത്തിന്റെ പ്രകമ്പനം ഗ്രീന്‍ലാന്‍ഡ് വരെ അനുഭവപ്പെട്ടതായി ഡാനിഷ് ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. തുടര്‍ചലനങ്ങള്‍ ദിവസങ്ങളോ ആഴ്ചകളോ തുടരാന്‍ സാധ്യതയുണ്ടെന്നാണു വിദഗ്ധരുടെ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സിറിയന്‍ പ്രദേശങ്ങളിലും ഭൂകമ്പം വന്‍ ആഘാതം സൃഷ്ടിച്ചു. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട 17 ലക്ഷം സിറിയക്കാര്‍ ഒരു കൂട്ടം ക്യാമ്പുകളിലായി ഇവിടെ താമസിക്കുന്നുണ്ട്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനെതിരേ പോരാടുന്ന വിമതഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണിവര്‍. ജനസാന്ദ്രത ഇരുപതു ലക്ഷത്തോളമുള്ള അലപ്പോ ഉള്‍പ്പെടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരവധി വലിയ നഗരങ്ങളും ഇതിന്റെ അടുത്ത പ്രദേശങ്ങളിലുണ്ട്.

ആദ്യ ഭൂചലനത്തിനു പിന്നാലെ നാല്‍പ്പതിലധികം തുടര്‍ചലനങ്ങള്‍ ഇതിനോടകം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഉച്ചയ്ക്ക് 1.24 ന് 7.5 തീവ്രതയില്‍ എകിനോസു പട്ടണത്തിനു നാലു കിലോമീറ്റര്‍ തെക്കുകിഴക്കുണ്ടായതാണ് ഇവയില്‍ ഏറ്റവും ശക്തം.

  • ഏറ്റവും ഭൂകമ്പസാധ്യതയുള്ള മേഖല

അനറ്റോളിയന്‍ ഭൂപാളിയിലാണു തുര്‍ക്കിയുടെ സ്ഥാനം. യുറേഷ്യന്‍ ഭൂപാളിയുമായുള്ള ഘര്‍ഷണമാണ് ഭൂചലനങ്ങള്‍ക്കു കാരണമാകുന്നത്. മൂന്ന് പതിറ്റാണ്ടിനിടെ വിവിധ ഭൂചലനങ്ങളിലായി പതിനായിരങ്ങളാണു തുര്‍ക്കിയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

  • 1999 ഓഗസ്റ്റ്: ദക്ഷിണ ഇസ്താംബൂളിലുണ്ടായ ഭൂകമ്പത്തില്‍ 17,500 മരണം. ഭൂകമ്പം 45 സെക്കന്‍ഡാനു നീണ്ടുനിന്നത്.
    -1999 നവംബര്‍: തുര്‍ക്കി നഗരം ഡാസസിലുണ്ടായ ഭൂചലനത്തില്‍ 845 മരണം.
    -2003 മേയ്: ബിഗോളിലുണ്ടായ ഭൂചലനത്തില്‍ 83 കുട്ടികളടക്കം 167 മരണം.
    -2010 മാര്‍ച്ച്: എലസിഗിലുണ്ടായ ഭൂചലനത്തില്‍ 42 മരണം.
    -2011 ഒക്‌ടോബര്‍, നവംബര്‍: രണ്ടു മാസങ്ങളിലായി വാന്‍ നഗരത്തില്‍ രണ്ട് ഭൂചലനങ്ങളില്‍ 644 മരണം.
  • 2020 ജനുവരി: തുര്‍ക്കി, സിറിയ, ജോര്‍ജി, അര്‍മേനിയ എന്നീ രാജ്യങ്ങളിലായി ഉണ്ടായ ഭൂചലനത്തില്‍ 41 മരണം.
    -2020 ഒക്‌ടോബര്‍: തുര്‍ക്കിയിലും ഗ്രീസിലുമായി ഉണ്ടായ ഭൂചലനത്തില്‍ 117 മരണം.
Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →