ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ വൻ വർധനവ്

ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നടപ്പ് സാമ്പത്തികവർഷത്തിൽ ഉണ്ടായത് മികച്ച വർധനവ്. നടപ്പ് സാമ്പത്തികവർഷം ഡിസംബർ 31 വരെയുള്ള ഉൽപാദന പ്ലാൻ (Generation Plan) അനുസരിച്ച് ജലവൈദ്യുത നിലയങ്ങളിൽ നിന്നും പ്രതീക്ഷിച്ച വൈദ്യുതി ഉത്പാദനം ഏകദേശം 5950 ദശലക്ഷം യൂണിറ്റ് ആയിരുന്നു. എന്നാൽ ഇതേ കാലയളവിൽ ജലവൈദ്യുത നിലയങ്ങളിൽ നിന്നും യഥാർത്ഥത്തിൽ ഉണ്ടായ ഉത്പാദനം 7414 ദശലക്ഷം യൂണിറ്റ് ആണ്.

2022 മെയ് നാലിന് പൊരിങ്ങൽക്കുത്ത് (1ഃ24 MW) ചെറുകിട ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്തു. ഈ പദ്ധതിയിൽ നിന്നും കേവലം 268 ദിവസം കൊണ്ട് (27/01/23 ന് രാത്രി 8 മണിയോടെ) 100 ദശലക്ഷം യൂണിറ്റ് ഉൽപ്പാദനം കൈവരിക്കാനായതും വലിയ നേട്ടമാണ്.

പദ്ധതി പ്രവർത്തനങ്ങളുടെ കൃത്യമായ അവലോകനങ്ങൾ നടത്തി ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് വൈദ്യുതി ഉത്പാദനം വർധിപ്പിക്കുന്നത് സാധ്യമായത്. കൂടാതെ ജലവൈദ്യുത പദ്ധതികൾക്ക് അനുയോജ്യമായ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയവും വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് സഹായകമായി.

2021-22ലെ ആഭ്യന്തര സൗരോർജ്ജ ഉൽപാദനം 159.38 ദശലക്ഷം യൂണിറ്റ് ആയിരുന്നെങ്കിൽ നടപ്പ് വർഷം ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ആഭ്യന്തര സൗരോർജ്ജ ഉൽപാദനം 275.75 ദശലക്ഷം യൂണിറ്റ് ആയിരുന്നു.

ജൂൺ ആദ്യം ജലസംഭരണികളിൽ ലഭ്യമായിരുന്ന ഉയർന്ന കരുതൽ ശേഖരം, നടപ്പ് വർഷം അധികമായി ലഭിച്ച നീരൊഴുക്ക്, നിലയങ്ങളുടെ സ്ഥാപിതശേഷിയിൽ ഉണ്ടായ വർധനവ് എന്നിവയാണ് ആഭ്യന്തര ഉൽപാദന വർധനവിന് സഹായകമായ ഘടകങ്ങളെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →