തിരുവനന്തപുരം: കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങള്‍ക്കും ഒന്നിലധികം വീടുകള്‍ക്കും പ്രത്യേക നികുതി കൊണ്ട് വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത് സമ്പന്ന വിഭാഗത്തില്‍ നിന്നു ധനം സമാഹരിക്കുന്നതിനുള്ള ശക്തമായ നീക്കം. ഇത് വഴി പ്രതീക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി അധിക വരുമാനമാണെന്നു ബജറ്റ് പ്രതീക്ഷിക്കുന്നു.
കേരളത്തില്‍ ആള്‍താമസമില്ലാതെ പൂട്ടിയിട്ട വീടുകളുടെ എണ്ണം 12 ലക്ഷത്തോളം വരുമെന്നാണു കണക്ക്. ലക്ഷങ്ങള്‍ ചെലവഴിച്ച് വലിയ സൗകര്യങ്ങളോട് കൂടി നിര്‍മിച്ച വീടുകളാണ് ആള്‍ താമസമില്ലാതെ പൂട്ടിക്കിടക്കുന്നത്. കേരളത്തില്‍ മൊത്തം വീടുകളുടെ എതാണ്ട് 14 ശതമാനത്തോളവും ആള്‍ താമസമില്ലാതെ പൂട്ടിക്കിടക്കുകയാണെന്നാണ് കണക്ക്.
ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് കേരളത്തില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളുടെ എണ്ണം. ഗുജറാത്താണ് ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്. ഇവിടെ 19 ശതമാനം വീടുകളും ഒഴിഞ്ഞു കിടക്കുകയാണ്.
പ്രവാസി മലയാളികളുടെ എണ്ണത്തിലെ വര്‍ധനയാണ് കേരളത്തില്‍ വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. കേരളത്തിന് പുറത്ത് കുടുംബ സമേതം താമസിക്കുന്നവരില്‍ അധികവും കേരളത്തില്‍ വലിയ വീടുകള്‍ പണിത് അടച്ചിടുന്നു.

