എഫ്.പി.ഒ. ലക്ഷ്യം ഭേദിച്ചു; അദാനിക്ക് ആശ്വാസം

മുബൈ: അദാനി എന്റര്‍പ്രൈസസ് അനുബന്ധ ഓഹരിവില്‍പ്പന (എഫ്.പി.ഒ) ലക്ഷ്യം ഭേദിച്ചു. മുഴുവന്‍ ഓഹരികളും വിറ്റുപോയി. 45.5 ദശലക്ഷം ഓഹരികളാണ് അദാനി എന്റര്‍പ്രൈസസ് ഉന്നമിട്ടത്. അതും മറികടന്ന് 50.86 ദശലക്ഷം ഓഹരികളും വിറ്റുപോയി. 112 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍.

എഫ്.പി.യുടെ ആദ്യ രണ്ടു ദിനങ്ങളിലെ മടുപ്പിന് അന്ത്യം കുറിച്ചാണ് മൂന്നാം ദിനത്തില്‍ ഓഹരി വില്‍പ്പന തകര്‍ത്തുവാരിയത്. 20000 കോടി രൂപയാണ് തുടര്‍ ഓഹരി വില്‍പനയിലൂടെ അദാനി എന്റര്‍പ്രൈസസ് ഉന്നമിട്ടത്. എഫ്.പി.യുടെ വിജയം ഹിന്റന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള തിരിച്ചടികളില്‍നിന്ന് അദാനി ഗ്രൂപ്പ് കയറുന്നതിന്റെ സൂചനകളായും വിലയിരുത്തപ്പെടുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അദാനിയുടെ ഓഹരികള്‍ തകര്‍ന്നടിയുന്നതാണ് കണ്ടത്. അതോടെ അദാനി എന്റര്‍പ്രൈസസിന്റെ തുടര്‍ ഓഹരി ലേലത്തിന്റെ ഭാവിയില്‍ പരക്കെ ആശങ്ക ഉയര്‍ന്നിരുന്നു. എഫ്.പി. ഒയ്ക്ക് അനുവദിച്ച തീയതി മാറ്റണമെന്നും ഓഹരി വില കുറയ്ക്കണമെന്നും പരക്കെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, സമയക്രമത്തിലും വിലയിലും മാറ്റമുണ്ടാകില്ലെന്ന ഉറച്ചനിലപാട് അദാനി ഗ്രൂപ്പ് കൈക്കൊള്ളുകയായിരുന്നു.

3200 കോടി രൂപയിലേറെയാണ് അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്‌സ് എന്ന കമ്പനി നിക്ഷേപിച്ചത്. പിന്നാലെ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരും നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരും കൂട്ടത്തോടെ നിക്ഷേപമെത്തിച്ചു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായി 12.8 ദശലക്ഷം ഓഹരികളാണ് മാറ്റിവച്ചിരുന്നത്. അവര്‍ വാങ്ങിക്കൂട്ടിയതാകട്ടെ, 16.1 ദശലക്ഷം ഓഹരികളും. ഉദ്ദേശിച്ച സബ്‌സ്‌ക്രിപ്ഷന്റെ 1.26 മടങ്ങാണ് വിറ്റുപോയത്. ഇതോടെ രാജ്യം കണ്ട ഏറ്റവും വലിയ തുടര്‍ ഓഹരി വില്‍പന അദാനി എന്റര്‍പ്രൈസസ് ലക്ഷ്യമിട്ടതിനും മുകളില്‍ വിജയമായി.

അതേസമയം, റീട്ടെയില്‍ നിക്ഷേപകര്‍ എഫ്.പി.ഒയില്‍ മടിച്ചുനില്‍ക്കുന്നതാണ് കണ്ടത്. 12 ശതമാനം ഓഹരികളാണ് അവര്‍ക്കായി നീക്കിവച്ചിരുന്നത്. എന്നാല്‍, ഒമ്പത് ശതമാനം ഓഹരികള്‍ മാത്രമാണ് റീട്ടെയില്‍ നിക്ഷേപകര്‍ വാങ്ങിയത്. ഫോളോ ഓണ്‍ പബ്ലിക് ഓഫറിലെ വിജയം അദാനി ഗ്രൂപ്പിലുള്ള നിക്ഷേപക താല്‍പര്യം തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്ന് ജിയോജിത് ഫിനാനഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →