പി എം കെയേഴ്സ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കേന്ദ്ര സർക്കാർ

.ദില്ലി: കൊവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി എം കെയേഴ്സ് സർക്കാർ ഫണ്ടല്ലെന്ന് കേന്ദ്ര സർക്കാർ. പി എം കെയേഴ്സ് ഒരു പൊതു ട്രസ്റ്റ് മാത്രമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഭരണഘടനയുടെ അനുഛേദം പന്ത്രണ്ടിന്റെ പരിധിയിൽ പെടുത്തി പിഎം കെയേഴ്സ് ഫണ്ടിനെ പൊതുഫണ്ടായി പ്രഖ്യാപിക്കണമെന്ന ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്.

പി എം കെയേഴ്സ് ഫണ്ടിന്റെ ചുമതല വഹിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി സത്യവാങ്മൂലത്തിൽ ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കുന്നത്. പൊതു പണത്തിന്റെ പരിധിയിൽ പദ്ധതിയെ പെടുത്താനാകില്ലെന്നും ഭരണഘടനയുടെയോ സംസ്ഥാന, കേന്ദ്ര നിയമനിർമ്മാണ സഭകളുടെയോ നിർദേശ പ്രകാരമല്ല ഫണ്ട് രൂപീകരിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

വ്യക്തികളുടെയോ സംഘടനകളുടെയോ സംഭാവനകൾ ഉപയോഗിച്ചാണ് പി എം കെയേഴ്സ് ഫണ്ട് പ്രവർത്തിക്കുന്നത്. ഇവർക്ക് നികുതി ഇളവ് നൽകുന്നത് കൊണ്ടുമാത്രം പി എം കെയേഴ്സ് ഫണ്ട് പൊതു ഫണ്ടാകില്ല. പൊതു ഖജനാവിൽ നിന്ന് ഒരു രൂപ പോലും പി എം കെയേഴ്സ് ഫണ്ടിലേക്ക് നൽകുന്നില്ല. അതുകൊണ്ട് തന്നെ പി എം കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്..

ഫണ്ടിലേക്ക് വരുന്ന സംഭാവനകൾ ഏത് വിധത്തിൽ വിനിയോഗിക്കണമെന്ന് മാർഗരേഖ തയാറാക്കാനാവില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ സർക്കാരിന്റെ ഉന്നതപദവി വഹിക്കുന്നവർ അടക്കം അംഗങ്ങളായ ട്രസ്റ്റ് സർക്കാർ സംവിധാനമായി കണക്കാക്കണമെന്നാണ് ഹർജിക്കാരുടെ വാദം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →