തൊടുപുഴയിൽ മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം : ഒരാൾ മരിച്ചു, രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ

തൊടുപുഴ: മണക്കാട് ചിറ്റൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്നുപേരിൽ ഒരാൾ മരിച്ചു. ചിറ്റൂർ സ്വദേശി ജെസിയാണ് (55) മരിച്ചത്. 2023 ജനുവരി 31 ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. ഇവരുടെ ഭർത്താവ് അങ്കംവെട്ടിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണി ആഗസ്തി (59), മകൾ സിൽന (19) എന്നിവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നു.

തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് മൂന്നംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായിരുന്നതിനാൽ തിങ്കളാഴ്ചതന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

തൊടുപുഴയിൽ ബേക്കറി നടത്തിയിരുന്ന ആന്റണി പലരിൽനിന്നും പണം കടംവാങ്ങിയിരുന്നതായി നാട്ടുകാർ പറഞ്ഞു. പത്ത് ലക്ഷത്തോളം കടബാധ്യതയുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. രണ്ടുപേർക്ക് തിങ്കളാഴ്ച പണം മടക്കിനൽകാമെന്ന് പറഞ്ഞിരുന്നു. ഇവർ ബേക്കറിയിൽ എത്തിയെങ്കിലും ആരെയും കാണാഞ്ഞതിനെ തുടർന്ന് വീട്ടിൽ അന്വേഷിച്ചെത്തുകയായിരുന്നു. ഫോൺ വിളിച്ചപ്പോൾ വീടിനുള്ളിൽ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നി കതകുപൊളിച്ച് അകത്തുകയറിയപ്പോഴാണ് ഇവരെ അവശനിലയിൽ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →