പാലക്കാട് : മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങിയെന്ന് സ്ഥിരീകരിച്ചു. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്നതും പുലി ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 30/01/23 തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് വളർത്തുനായയെ പുലി ആക്രമിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ നായയെ ആക്രമിച്ച ജീവി ഓടി മറയുകയായിരുന്നു. ഇത് പുലി തന്നെ ആണെന്ന സംശയം വീട്ടുകാരും നാട്ടുകാരും ഉയർത്തിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തി. കാൽപാടും നായയുടെ ദേഹത്തെ മുറിവും പരിശോധിച്ച ശേഷമാണ് പുലി തന്നെയാണ് ആക്രമിച്ചതെന്ന് ഉറപ്പിച്ചത്. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു.