ന്യൂഡല്‍ഹി: രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടിയാണ് ചൈനീസ് കടന്നുകയറ്റം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇതിനോട് സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചു. എന്നാല്‍, എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇരുസഭകളിലും മേശപ്പുറത്തുവയ്ക്കും. സര്‍വകക്ഷി യോഗത്തില്‍ 27 പാര്‍ട്ടികളില്‍ നിന്നായി 37 നേതാക്കള്‍ പങ്കെടുത്തു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കേണ്ടതിനാല്‍ കോണ്‍ഗ്രസ് പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അധീര്‍ രഞ്ജന്‍ ചൗധരിയും എത്തില്ലെന്ന് അറിയിച്ചിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഈ സമ്മേളനത്തില്‍ ബി.ജെ.ഡി. വനിതാ സംവരണ ബില്ലിനാണ് മുന്‍ഗണന നല്‍കുകയെന്ന് പാര്‍ട്ടി എംപി: സസ്മിത് പത്ര പറഞ്ഞു. സമാന മനസ്കതയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് ബില്ലിനായി ശക്തമായി പോരാടുമെന്നും എം.പി. പറഞ്ഞു. അതിനിടെ, അദാനി വിവാദത്തില്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ എം.പിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് മന്ദിര സമുച്ചയത്തില്‍ നടന്ന യോഗത്തില്‍ സഭാ ഉപനേതാവ് രാജ്നാഥ് സിങ്, പാര്‍ലമെന്ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി, സഭാ നേതാവ് പിയൂഷ് ഗോയല്‍, സഹമന്ത്രിമാരായ അര്‍ജുന, രാം മേഘ്വാള്, വി. മുരളീധരന് എന്നിവര്‍ പങ്കെടുത്തു. ഡി.എം.കെ. നേതാവ് ടി.ആര്. ബാലു, ടി.എം.സി. നേതാക്കളായ സുദീപ് ബന്ദോപാധ്യായ, സുഖേന്ദു ശേഖര്‍ റേ, ടി.ആര്.എസ്. നേതാക്കളായ കെ. കേശവ റാവു, നാമ നാഗേശ്വര റാവു എന്നിവരുള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളിലെ എല്ലാ ഉന്നത നേതാക്കളും പങ്കെടുത്തു.
വൈ.എസ്.ആര്. കോണ്‍ഗ്രസില്‍ നിന്നുള്ള വിജയസായി റെഡ്ഡി, നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് ഫാറൂഖ് അബ്ദുള്ള, ആര്.ജെ.ഡിയില്‍നിന്ന് മനോജ് ഝാ, ജെ.ഡി-യുവിന്റെ രാം നാഥ് താക്കൂര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത മറ്റ് കക്ഷിനേതാക്കള്‍. ശിവസേനയെ (ഉദ്ധവ് താക്കറെ) പ്രതിനിധീകരിച്ചത് പ്രിയങ്ക ചതുര്‍വേദിയാണ്.

