അര്‍ബന്‍ നിധി ബാങ്ക് വഴി നടന്നത് 45 കോടിയുടെ തട്ടിപ്പെന്ന് പോലീസ്

കണ്ണൂര്‍: അര്‍ബന്‍ നിധി ബാങ്ക് വഴി 45 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പോലീസ് കണ്ടെത്തല്‍. ഇന്നലെ അറസ്റ്റിലായ ആന്റണി സണ്ണി എട്ടു കോടി രൂപയുടെ തട്ടിപ്പു നടത്തിയതായി പോലീസിനോട് സമ്മതിച്ചു. കേസിലെ മുഖ്യ സൂത്രധാരന്‍ തൃശൂര്‍ ഷൗക്കത്തലിയാണെന്ന നിഗമനത്തിലാണ് പോലീസ്. അര്‍ബന്‍ നിധിക്കു പുറമേ സഹസ്ഥാപനമായ എനി ടൈം മണി തുടങ്ങിയതാണു സാമ്പത്തിക പ്രതിസന്ധിയിലേക്കും പിന്നീട് തട്ടിപ്പിലേക്കും നയിച്ചതെന്നാണ് ആന്റണി സണ്ണി പോലീസിന് നല്‍കിയ മൊഴി.

തട്ടിപ്പിലൂടെ നേടിയ എട്ടു കോടി രൂപ ആഡംബര കാറും ലോറികളും വാങ്ങാന്‍ ഉപയോഗിച്ചുവെന്നും മൊഴിനല്‍കിയിട്ടുണ്ട്. ബംഗളൂരു, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ വിവിധ ബാങ്കുകളിലായി ആന്റണിക്ക് നിക്ഷേപമുള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെ പേരിലാണ് ഇവിടങ്ങളില്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. ഇതുവരെ ലഭിച്ച പരാതികളില്‍നിന്നും പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് 45 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. അര്‍ബന്‍ നിധിയുടെ ഡയറക്ടറും തൃശൂര്‍ സ്വദേശിയുമായ ഗഫൂര്‍, സഹസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടറും മലപ്പുറം സ്വദേശിയുമായ ഷൗക്കത്ത് അലി, അര്‍ബന്‍ നിധി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. അര്‍ബന്‍ നിധി തട്ടിപ്പ് കേസ് പുറത്ത് വന്നതോടെ ആന്റണി ഒളിവിലായിരുന്നു.തലശേരി സെഷന്‍ കോടതി മുഖേന ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും തള്ളിക്കളയുകയായിരുന്നു. ആന്റണി എനി ടൈം മണിയെന്ന സ്ഥാപനംവഴി പതിനേഴുകോടിയോളം വെട്ടിച്ചുവെന്നു നേരത്തെ അറസ്റ്റിലായ ഡയറക്ടര്‍ ഷൗക്കത്തലിയും ഗഫൂറും മൊഴി നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ 350 ഓളം പരാതികളാണ് അര്‍ബന്‍നിധിക്കെതിരെ നിക്ഷേപകര്‍ നല്‍കിയിട്ടുളളത്.
നേരത്തെ കണ്ണൂര്‍ അര്‍ബന്‍നിധി നിക്ഷേപതട്ടിപ്പു കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് കേസ് കൈമാറിയത്. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കണ്ണൂര്‍ റെയ്ഞ്ച് എസ്.പി. എം പ്രദീപ് കുമാറിന് മേല്‍നോട്ടചുമതല നല്‍കിയത്. തൃശൂര്‍ സ്വദേശികളായ ഗഫൂര്‍, ഷൗക്കത്തലി, കണ്ണൂര്‍ ആദികടലായി സ്വദേശിനി കെ.വി ജീന, ആന്റണി എന്നിവരുടെ പേരില്‍ സ്വത്തുക്കളില്ലെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും ഇവരുടെ ബന്ധുക്കളുടെ പേരിലുളള സ്വത്ത് കണ്ടുകെട്ടാമെന്നാണ് പോലീസ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →