മെല്‍ബണ്‍: കിരീടം നേടി വിടവാങ്ങാമെന്ന സ്വപ്നം പൂര്‍ത്തിയാക്കാതെ സാനിയ മിര്‍സ. മെല്‍ബണ്‍ പാര്‍ക്കില്‍ അവസാനമായി ഒരുവട്ടം കൂടി ടെന്നീസ് ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിടാനുള്ള സാനിയയുടെ മോഹത്തിന് ബ്രസീലിന്റെ ലൂയിസ സ്‌റ്റെഫാനി -റാഫേല്‍ മാറ്റയോസ് സഖ്യമാണു വിലങ്ങായത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനിലില്‍ സാനിയ – രോഹന്‍ ബൊപ്പണ്ണ സഖ്യത്തെ സ്‌റ്റെഫാനി – മാറ്റയോസ് സഖ്യം 7-6 (2), 6-2 എന്ന സ്‌കോറിനു തോല്‍പ്പിച്ചു. മൂന്ന് തവണ വീതം ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ജേതാവായ സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണോടെ ഗ്രാന്‍സ്ലാമിനോടു വിട പറഞ്ഞു. സീഡ് ചെയ്യാതെ എത്തിയ ഇന്ത്യന്‍ സഖ്യം സ്വപ്നതുല്യമായ കുതിപ്പ് നടത്തി. സാനിയയുടെ കരിയറിലെ 11-ാം ഗ്രാന്‍സ്ലാം ഫൈനലായിരുന്നു നടന്നത്.
മെല്‍ബണ്‍ പാര്‍ക്കില്‍ മഹേഷ് ഭൂപതിക്കൊപ്പം 2009 സീസണിലെ മിക്‌സഡ് ഡബിള്‍സ് കിരീടവും 2016 ല്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം വനിതാ ഡബിള്‍സ് കിരീടവും നേടാന്‍ സാനിയയ്ക്കായി. സാനിയയുടെ അവസാന മത്സരം കാണാന്‍ നാലു വയസുകാരന്‍ മകന്‍ ഇഹ്‌സാനും എത്തി. 42 വയസുകാരനായ ബൊപ്പണ്ണയുടെ കരിയറില്‍ ഒരു ഫ്രഞ്ച് ഓപ്പണ്‍ മിക്ഡസ് ഡബിള്‍സ് കിരീടമുണ്ട്. മത്സരത്തിനു ശേഷം നടത്തിയ പ്രസംഗത്തില്‍ സാനിയ വിതുമ്പല്‍ അടക്കാന്‍ പണിപ്പെട്ടു. പ്രഫഷനല്‍ ടെന്നീസ് കളിച്ചു തുടങ്ങിയത് മെല്‍ബണിലാണ്. അവിടെ അവസാനിപ്പിക്കുന്നതിലും നല്ല അവസരം കിട്ടാനില്ല. ഫൈനല്‍ മകന്റെ മുന്നില്‍ കളിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല- സാനിയ തുടര്‍ന്നു. 2005 ല്‍ മെല്‍ബണില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ യു.എസിന്റെ സെറീന വില്യംസിനെതിരെ കളിച്ചാണു തുടങ്ങിയത്. 18-ാം വയസിലായിരുന്നു മത്സരം. ഇന്നു കരയുന്നതു സന്തോഷം കൊണ്ടാണ് – സാനിയ പറഞ്ഞു. തന്റെ ആദ്യ മിക്സഡ് ഡബിള്‍സ് പങ്കാളിയായിരുന്ന ബൊപ്പണ്ണയ്‌ക്കൊപ്പം തന്നെയായിരുന്നു അവസാന മത്സരവും. ഒരു ഇന്ത്യക്കാരിക്കു ഗ്രാന്‍സ്ലാമുകളില്‍ കളിച്ച് ജയിക്കാനാകുമെന്ന വിശ്വാസമുണ്ടാക്കാന്‍ കഴിയെന്നു സാനിയ പറഞ്ഞു.
ഹൈദരാബാദില്‍ ഡബ്ല്യു.ടി.എ. സിംഗിള്‍സ് കിരീടം നേടിയാണു മുന്നേറ്റം തുടങ്ങിയത്. ആ വര്‍ഷം യു.എസ് ഓപ്പണില്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്ന് ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയായി. 2007 ല്‍ ലോക റാങ്കിങ്ങില്‍ 27-ാം സ്ഥാനത്തെത്തി. കൈക്കുഴയുടെ പരുക്ക് വിട്ടുമാറാതെ വലച്ചതോടെ വനിതാ, മിക്‌സഡ് ഡബിള്‍സ് മത്സരങ്ങളിലേക്ക് ഒതുങ്ങി. സ്വിസ് ഇതിഹാസം മാര്‍ട്ടിന ഹിംഗിസിനൊപ്പം മൂന്ന് ഡബിള്‍സ് കിരീടങ്ങള്‍ നേടാനായി. ഡബിള്‍സില്‍ മാത്രം ശ്രദ്ധിച്ചതോടെ 91 ആഴ്ച ലോക ഒന്നാം നമ്പര്‍ (ഡബിള്‍സ്) വനിതാ താരമായി നിലയുറപ്പിച്ചു. ലോക ഒന്നാം നമ്പര്‍ ആകുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ഗ്രാന്‍സ്ലാമുകള്‍ അടക്കം 43 കിരീടങ്ങള്‍ ആ കരിയറിന് അലങ്കാരമായി. പാകിസ്താന്‍ ക്രിക്കറ്റര്‍ ഷുഐബ് മാലികുമായുള്ള വിവാഹം സാനിയുടെ രാജ്യസ്‌നേഹം വരെ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടാക്കി. മകന്‍ ഇഹ്‌സാന്റെ ജനനത്തോടെ ദീര്‍ഘകാലം കളത്തില്‍നിന്നു വിട്ടു. ദുബായില്‍ അടുത്ത മാസം നടക്കുന്ന ഡബ്ല്യു.ടി.എ. 1000 നു ശേഷം ടെന്നീസിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കും. കഴിഞ്ഞ സീസണിലെ യു.എസ്. ഓപ്പണിനു മുമ്പ് പരുക്കേറ്റു പുറത്തിരിക്കേണ്ടി വന്നതിനാലാണു വിരമിക്കല്‍ നീണ്ടത്.
വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെലാറസിന്റെ ആര്യാന സബാലങ്കയും കസഖ്‌സ്ഥാന്റെ യെലേന റൈബാക്കിനയും തമ്മില്‍ ഏറ്റുമുട്ടും. അഞ്ചാം സീഡായ സബാലങ്കയുടെ കന്നി ഗ്രാന്‍സ്ലാം ഫൈനലാണിത്. സീഡില്ലാ താരം മാഗ്ദ ലിനെറ്റയെയാണു സബാലങ്ക തോല്‍പ്പിച്ചത്. സ്‌കോര്‍: 7-6 (7/1), 6-2. വിക്‌ടോറിയ അസാറങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണു യെലേന റൈബാക്കിന ഫൈനലില്‍ കടന്നത്. വിമ്പിള്‍ഡണ്‍ ചാമ്പ്യനായ റൈബാക്കിനയ്‌ക്കെതിരേ നടന്ന മൂന്ന് മത്സരങ്ങളിലും ജയിച്ച സബാലങ്കയ്ക്കാണ് ഇന്നു മുന്‍തൂക്കം. ലോക ഒന്നാം നമ്പര്‍ പോളണ്ടിന്റെ ഇഗ സ്വിയാറ്റെക്, യെലേന ഒസ്റ്റാപെങ്കോ, വിക്‌ടോറിയ അസാറങ്ക തുടങ്ങിയ വമ്പന്‍ താരങ്ങളെ തോല്‍പ്പിച്ചാണ് 23 വയസുകാരിയായ റൈബാക്കിന ഫൈനല്‍ ഉറപ്പാക്കിയത്.
നാളെ നടക്കുന്ന പുരുഷ സിംഗിള്‍സ് ഫൈനലില്‍ സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചും ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമി ഫൈനലില്‍ യു.എസിന്റെ ടോമി പോളിനെയാണു ജോക്കോ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 6-1, 6-2. ജോക്കോയുടെ ഓസ്ട്രേലിയന്‍ ഓപ്പണിലെ 10-ാം ഫൈനലാണിത്. ഇവിടെ കളിച്ച എല്ലാ ഫൈനലിലും ജേതാവാകാന്‍ താരത്തിനായി. മെല്‍ബണ്‍ പാര്‍ക്കില്‍ 2018 നു ശേഷം പ്രീ ക്വാര്‍ട്ടറില്‍ തോറ്റിട്ടില്ലെന്ന റെക്കോഡും ജോക്കോയ്ക്കു സ്വന്തമാണ്. ഇന്നലെ ടോമി പോള്‍ ഒന്നാം സെറ്റില്‍ മാത്രമാണു പൊരുതിയത്. രണ്ടും മൂന്നും സെറ്റുകളില്‍ യു.എസ്. താരത്തിനെ ജോക്കോ നിഷ്പ്രഭനാക്കി. 22-ാം ഗ്രാന്‍സ്ലാം കിരീടമാണു ജോക്കോയുടെ ലക്ഷ്യം.
പിന്നില്‍നിന്നു തിരിച്ചടിച്ചാണു സിറ്റ്സിപാസ് ഓസ്ട്രേലിയന്‍ ഫൈനലില്‍ കടന്നത്. റഷ്യയുടെ കാരേന്‍ ഖാച്ചാനോവായിരുന്നു സെമിയിലെ എതിരാളി. സ്‌കോര്‍: 7-6 (2), 6-4, 6-7 (6), 6-3. ആദ്യമായാണു ഗ്രീക്ക് താരം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കളിക്കുന്നത്. 2019, 2021, 2022 വര്‍ഷങ്ങളില്‍ സെമിയില്‍ തോറ്റു. താരത്തിന്റെ രണ്ടാം ഗ്രാന്‍സ്ലാം ഫൈനല്‍ കൂടിയാണിത്. കിരീടം നേടാനായാല്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താന്‍ 24 വയസുകാരനായ സിറ്റ്സിപാസിനാകും. മെല്‍ബണ്‍ അദ്ദേഹത്തിന് ജന്മനാട് പോലെയാണ്. ഗ്രീസ്, സൈപ്രസ് എന്നിവ കഴിഞ്ഞാല്‍ മെല്‍ബണിലാണ് ഏറ്റവും കൂടുതല്‍ ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരുള്ളത്.