ഗുരുവായൂര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയും പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയെത്തിയ ഇരുവരും ദേവസ്വത്തിന് 55 കോടിയുടെ മള്‍ട്ടിസ്‌പെഷാലിറ്റി ആശുപത്രി നിര്‍മിച്ചുനല്‍കാമെന്നു വാഗ്ദാനം നല്‍കിയാണു മടങ്ങിയത്.
തിരുപ്പതി ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നരയോടെ ശ്രീകൃഷ്ണ കോളജില്‍ ഹെലികോപ്ടറിലാണ് ആനന്ദും രാധികയും എത്തിയത്. ബോളിവുഡ് താരം ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വികപൂറും സുഹൃത്തുക്കളും മറ്റൊരു ഹെലികോപ്ടറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് കാര്‍മാര്‍ഗം ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ പ്രതിശ്രുത വധൂവരന്മാരെ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ പൊന്നാട ചാര്‍ത്തി സ്വീകരിച്ചു. ഡോ. വി.കെ. വിജയന്‍, ഭരണസമിതിയംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവര്‍ക്കൊപ്പം ക്ഷേത്രത്തിലെത്തിയ ആനന്ദിനെ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ് കുമാര്‍ സ്വീകരിച്ചു. സോപാനത്തിനു മുന്നില്‍നിന്ന് ഗുരുവായൂരപ്പനെ തൊഴുത ഇവര്‍ സോപാനപ്പടിയില്‍ നെയ്യും കദളിക്കുലയും സമര്‍പ്പിച്ച് ഭണ്ഡാരത്തില്‍ കാണിക്കയര്‍പ്പിച്ചു. തുടര്‍ന്ന് ഓതിക്കന്‍ പഴയത്ത് സുമേഷ് നമ്പൂതിരിയില്‍നിന്ന് പ്രസാദം സ്വീകരിച്ചു.

