*മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു
സംസ്ഥാന സർക്കാറിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിൽ 245 ദിവസങ്ങൾ കൊണ്ട് ആരംഭിച്ച സംരംഭങ്ങളിൽ 38 ശതമാനവും സ്ത്രീകളുടേതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കുടുംബശ്രീ സംഘങ്ങൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണ ഉദ്ഘാടനം ഏലൂർ നഗരസഭാ ടൗൺഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ലഭിച്ച തുക കൊണ്ട് എല്ലാവരും സംരംഭങ്ങൾ തുടങ്ങണമെന്ന് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നേരിൽ സന്ദർശിച്ചിട്ടുളള സ്ത്രീ സംരംഭകരുടെ ഉൽപ്പന്നങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം പറഞ്ഞു.
കളമശ്ശേരി മണ്ഡലത്തിലെ ഒപ്പം പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 12 ന് യു.സി കോളേജിൽ നടക്കും. സൗജന്യ കാൻസർ പരിശോധന ക്യാമ്പിൽ ഒരുക്കും. സൗജന്യ മൊബൈൽ മാമോഗ്രാം, ഡെന്റൽ യൂണിറ്റുകൾ എന്നിവയും ക്യാമ്പിൽ ലഭ്യമാകും. മണ്ഡലത്തിൽ തിമിരം മൂലം കാഴ്ചയില്ലാത്തവരായി ആരും ഉണ്ടാകരുത്. നാല് കോടി രൂപയുടെ ശസ്ത്രക്രിയകൾ ഒപ്പം ക്യാംപയിന്റെ ഭാഗമായി നടന്നു. കാൻസർ, ബൈപാസ്, മുട്ടു മാറ്റിവയ്ക്കൽ മുതലായവ ഇതിൽ ഉൾപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനും ഏലൂർ കുടുംബശ്രീ സി.ഡി.എസും സംയുക്തമായാണ് വിതരണം സംഘടിപ്പിച്ചത്. നഗര സഭയിലെ 68 കുടുംബശ്രീ സംഘങ്ങൾക്കാണ് 2.70 കോടി രൂപയാണ് വായ്പയായി നൽകുന്നത്.
ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി സുജിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.എം ഷെനിൻ, അംബികാ ചന്ദ്രൻ, പി.എ ഷെരീഫ്, പി.ബി രാജേഷ്, സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അസിസ്റ്റൻറ് ജനറൽ മാനേജർ പി.എൻ വേണുഗോപാൽ, സി.ഡി.എസ് മെമ്പർ സെക്രട്ടറി ഷെറിൻ ജോസഫ്, വൈസ് ചെയർ പേഴ്സൺ ഷെറീന, നഗരസഭാ സി.ഡി.എസ് ചെയർപേഴ്സൺ വിനയ സുകുമാരൻ, ഉപസമിതി അംഗങ്ങളായ ബുഷറ, ശ്രീലത, കുടുംബശ്രീ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.