തിരുവനന്തപുരം: വിവാദ ബി.ബി.സി. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അനില്‍ കെ. ആന്റണി നടത്തിയ വിമര്‍ശനങ്ങളില്‍ വലഞ്ഞ് കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ പദവികള്‍ രാജിവച്ചശേഷം ”സ്തുതിക്കലും പാദസേവയുമാണ് പാര്‍ട്ടിയിലെ യോഗ്യത ” എന്ന രൂക്ഷവിമര്‍ശനമാണ് അനില്‍ ആന്റണി നടത്തിയത്. ഗുജറാത്ത് കലാപത്തില്‍ മോദിയെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള ഡോക്യുമെന്ററി ബി.ജെ.പിക്ക് എതിരായ ആയുധമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനായ അനില്‍ ആന്റണി ഡോക്യുമെന്ററിയെ എതിര്‍ത്ത് രംഗത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസും കെ.പി.സി.സിയും ഉടന്‍ തന്നെ അനിലിനെ തള്ളിപ്പറഞ്ഞു.
ഇതോടെ അനില്‍, കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പദവി ഒഴിഞ്ഞു. എന്നാല്‍, ഇപ്പോഴും കോണ്‍ഗ്രസ് അംഗമായ അനില്‍ ആന്റണിക്കെതിരേ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. പറഞ്ഞതു തെറ്റാണെന്ന് അംഗീകരിച്ചുകൊണ്ടല്ല അനില്‍ രാജിവച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിക്കുള്ളില്‍നിന്നുണ്ടായ വിമര്‍ശനം മൂലമാണു രാജിയെന്നാണ് അനില്‍ വ്യക്തമാക്കിയത്. പാര്‍ട്ടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. തങ്ങള്‍ക്ക് ചുറ്റുമുള്ള ചില മുഖസ്തുതിക്കാരോടൊത്ത് പ്രവര്‍ത്തിക്കാന്‍ മാത്രമേ നേതൃത്വത്തിന് താല്‍പര്യമുള്ളുവെന്നും അത്തരം സ്തുതിപാടലും പാദസേവയുമാണ് പാര്‍ട്ടിയിലെ യോഗ്യതയെന്നും അനില്‍ വിമര്‍ശിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിനെ ബി.ജെ.പിയുമായി കൂട്ടികെട്ടാന്‍ ശ്രമിക്കുന്ന സി.പി.എമ്മിനു ലഭിച്ച ആയുധമായിപ്പോയി ഇതെന്നും അതിനാല്‍ അനിലിനെതിരെ നടപടി വേണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ആവശ്യം. അതിനിടെ, കുറിയിട്ടവരെ മൃദുഹിന്ദുത്വത്തിന്റെ ഭാഗമായി കാണേണ്ടതില്ലെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന കൂടി ഇതോടൊപ്പം ചേര്‍ത്തുവച്ച് പ്രചാരണം നടത്താനാണു സി.പി.എം. നീക്കം.