ഹൈദരാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ ഒന്നാം ഭാഗം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി. സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും (എസ്ഐഒ) ഫ്രറ്റേണിറ്റി ഗ്രൂപ്പ് എന്നറിയപ്പെടുന്ന മുസ്ലീം സ്റ്റുഡന്റ് ഫെഡറേഷനും ചേര്‍ന്നാണ് ക്യാമ്പസിനുള്ളില്‍ ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ സംഘാടകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനയായ എബിവിപി രംഗത്ത് വന്നു.
കാമ്പസില്‍ അനുമതി ഇല്ലാതെയാണ് ഡോക്യുമെന്ററിയുടെ പ്രദര്‍ശനം സംഘടിപ്പിച്ചതെന്നാണ് എബിവിപിയുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയെന്ന് എബിവിപി വിദ്യാര്‍ഥി നേതാവ് മഹേഷ് വ്യക്തമാക്കി. അതേസമയം വിഷയത്തെ കുറിച്ച് വിവരം ലഭിച്ചെന്നും എന്നാല്‍, രേഖാമൂലമുള്ള പരാതി ഒന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

