പാലക്കാട്: ജനവാസമേഖലയെ വിറപ്പിച്ച പാലക്കാട് ടസ്‌കര്‍ 7(പി.ടി. 7) കാട്ടുകൊമ്പന്‍ കൂട്ടിലായി. മുണ്ടൂര്‍ കോര്‍മ വനമേഖലയില്‍വച്ച് മയക്കുവെടിവെച്ചാണ് ആനയെ പിടികൂടിയത്. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു പത്തുമണിക്കൂറോളം നീണ്ട ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെ മുണ്ടൂര്‍ കോര്‍മ മേഖലയില്‍ പി.ടി. 7 എത്തിയതായി വിവരം ലഭിച്ചു. നിരീക്ഷണ സംഘം കൊമ്പനു പിന്നില്‍ നിലയുറപ്പിച്ചു. അഞ്ചുമണിയോടെ ഡോ. അരുണ്‍ സക്കറിയ അടക്കമുള്ള ദൗത്യ നിര്‍വഹണ സംഘം സ്ഥലത്തെത്തി. ഈ സമയം കൊമ്പനു സമീപം ഒരു മോഴയും ഉണ്ടായിരുന്നു. ആനയുടെ 50 മീറ്റര്‍ ദൂരത്തുനിന്ന് ഡോ. അരുണ്‍ സക്കറിയ രാവിലെ 7.03നു മയക്കുവെടിവച്ചു. ഇടതു ചെവിക്കു താഴെ മുന്‍കാലിനു മുകളിലായി വെടിയേറ്റ ആന നൂറുമീറ്ററോളം ഓടി കാട്ടില്‍ നിലയുറപ്പിച്ചു. ഈ സമയം കൂടെയുണ്ടായിരുന്ന മോഴ പിന്മാറി. മയക്കത്തിലായ പി.ടി. 7ന്റെ കാലുകളില്‍ വടം കെട്ടി, കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടി. 8.15 നു ബൂസ്റ്റര്‍ ഡോസ് നല്‍കി. ഗതാഗതത്തിനു തടസമായിനിന്ന മരം മുറിച്ച് നീക്കി മണ്ണുമാന്തി ഉപയോഗിച്ച് റാമ്പ് നിര്‍മിച്ച് വനംവകുപ്പിന്റെ ലോറി കൊമ്പന് അരികിലെത്തിച്ചു. സുരേന്ദ്രന്‍, ഭരതന്‍, വിക്രം തുടങ്ങിയ കുങ്കിയാനകളുടെ സഹായത്തോടെ പി.ടി.7 നെ ലോറിയില്‍ കയറ്റി. ഒരു ബൂസ്റ്റര്‍ ഡോസുകൂടി നല്‍കിയാണ് ഏഴുകിലോമീറ്ററോളം ദൂരമുള്ള ധോണി ക്യാമ്പിലെത്തിച്ചത്.
തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തില്‍ കൊമ്പനെ കൂട്ടില്‍ക്കയറ്റി, മയക്കുവെടിക്കുള്ള പ്രതിമരുന്ന് നല്‍കി. ജനവാസ മേഖലയ്ക്ക് അര കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ആനയെ വെടിവച്ചിട്ടും കാടിന് പുറത്തേക്ക് ഓടാത്തത് അനുഗ്രഹമായി. പിന്നീട് വനംമന്ത്രി എ.കെ. ശശീധരന്‍, മന്ത്രി എം.ബി. രാജേഷ് ഉള്‍പ്പടെയുള്ളവര്‍ ധോണിയിലെത്തി. ദൗത്യത്തില്‍ പങ്കെടുത്തവരെ അനുമോദിച്ചു. വനം മന്ത്രി തന്നെ ആനക്ക് ”ധോണി” എന്ന് പേരിട്ടു. വയനാട്ടില്‍ നിന്നെത്തിയ 26 ഉള്‍പ്പെടെ 76 പേരാണു ദൗത്യസംഘത്തിലുണ്ടായിരുന്നത്. ആന കൂട്ടിലായ വാര്‍ത്തവന്നതോടെ നൂറുകണക്കിന് ആളുകളാണ് ആനയെ കാണാന്‍ എത്തിയത്.