പി ടി 7 ഇനി ‘ധോണി’; പ്രത്യേക കുക്ക് ഉടന്‍, കുങ്കി ആനയാക്കാന്‍ പരിശീലനം

പാലക്കാട് : പാലക്കാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടുകൊമ്പന്‍ പിടി 7 ഇനി ‘ധോണി’. മയക്കുവെടിവെച്ച് കൂട്ടിലടച്ച ധോണി ആക്രമണശാലിയാണ്. കൂട് പൊളിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്ത കൊമ്പന് 23/01/23 തിങ്കളാഴ്ച മുതല്‍ ഭക്ഷണം നല്‍കി തുടങ്ങും. കഴിഞ്ഞ ദിവസം മയക്കുവെടി വെച്ചതിനെ തുടര്‍ന്ന് പച്ചവെള്ളം മാത്രമായിരുന്നു നല്‍കിയിരുന്നത്. ആനയ്ക്കായി പ്രത്യേകം പാപ്പാനേയും കുക്കിനെയും നിയമിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

പി ടി സെവനെ കുങ്കിയാനയാക്കും. ക്ഷീണം മാറി ആന ഏകദേശം ശാന്തനായ ശേഷം ചട്ടം പഠിപ്പിക്കാനാണ് നീക്കം. ഒരാഴ്ച വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും കൊമ്പന്‍. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഭക്ഷണമാണ് നല്‍കുക. ഡയറ്റ് ബുക്ക് ഉടൻ തന്നെ ക്രമീകരിക്കും. പറമ്പിക്കുളം, വയനാട് ക്യാമ്പുകളുമായി ബന്ധപ്പെട്ട് പ്രത്യേക പാപ്പാനെയും ഉടന്‍ എത്തിക്കും. ധോണി ക്യാമ്പില്‍ 140 യൂക്കാലിപ്സ് മരങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച കൂട്ടിലാണ് കൊമ്പന്റെ വാസം.

21/01/23 ശനിയാഴ്ച രാവിലെ മയക്കുവെടി വച്ച് വീഴ്ത്തിയ കൊമ്പനെ 4 മണിക്കൂര്‍ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി. മയക്കം വിട്ടതോടെ ബൂസ്റ്റര്‍ ഡോസും നല്‍കി. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറും അമ്പത് മീറ്റര്‍ അകലെ നിന്ന് ആനയുടെ ചെവിക്കു പിന്നിലേക്ക് മയക്കുവെടി ഉതിര്‍ക്കുകയായിരുന്നു. മൂന്ന് കുങ്കിയാനയെയും പിടി 7നെ പിടിക്കാന്‍ കാട്ടിലേക്കയച്ചിരുന്നു. വിക്രം, ഭാരത്, സുരേന്ദ്രന്‍ എന്നീ മൂന്ന് കുങ്കിയാനകളെയാണ് പിടി സെവനെ മെരുക്കാന്‍ കാട്ടിലേക്ക് എത്തിച്ചത്. ധോണി, മായാപുരം, മുണ്ടൂര്‍ മേഖലകളില്‍ കഴിഞ്ഞ നാലു വര്‍ഷമായി നാശമുണ്ടാക്കിയ കൊമ്പനാണ് പി ടി സെവന്‍. ജനവാസ കേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →