മലപ്പുറം: ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടി മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായി. രണ്ടു ദിവസങ്ങളിലായി ജില്ലയില്‍ 126 സ്വത്തു വകകളാണ് കണ്ടുകെട്ടി നോട്ടീസ് പതിച്ചു. ജില്ലയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനായി തയ്യാറാക്കിയ പട്ടിക പ്രകാരമുള്ള മുഴുവന്‍ പേരുടെ വസ്തു വകകളിലും റവന്യൂ റിക്കവറി വിഭാഗം നോട്ടീസ് പതിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടതല്‍ കേസുകളില്‍ നടപടി എടുക്കുന്നത് മലപ്പുറത്താണ്.
വെള്ളിയാഴ്ച്ചയാണ് റവന്യൂം വകുപ്പ് ജില്ലയില്‍ നടപടികള്‍ തുടങ്ങിയത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതല്‍ പേരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടാനുള്ളത് കാരണമാണ് നടപടികള്‍ ജില്ലയില്‍ രണ്ട് ദിവസത്തേക്ക് നീണ്ടത്. തിരൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്കെതിരെ നടപടി. നടപടി ഏറെ നീണ്ടതും തിരൂര്‍ താലൂക്കിലാണ്. തിരൂരില്‍ മാത്രം 43 കേസുകളിലാണ് സ്വത്ത് വകകള്‍ കണ്ട് കെട്ടല്‍ നടപടി സ്വീകരിച്ചത്. തഹസില്‍ദാറുമാരുടെ നിര്‍ദേശ പ്രകാരം വില്ലേജ് ഓഫീസ് അധികൃതരാണ് നടപടികളുമായി മുന്നോട്ട് പോയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ റവന്യൂ റിക്കവറി നടപടിയിലേക്ക് നീങ്ങിയത്. ജപ്തി നടപടി പൂര്‍ത്തിയാക്കുന്നതിന് ജില്ലയില്‍ സംഘര്‍ഷസാധ്യത ഒഴിവാക്കുന്നതിന് പൊലീസിന്റെയും സ്ഥലനിര്‍ണയത്തിന് സര്‍വേയര്‍മാരുടെയും റവന്യൂ റിക്കവറി വിഭാഗം സഹായം തേടിയിരുന്നു. അതേസമയം ജില്ലയില്‍ ഹര്‍ത്താലുമായി യാതൊരു തരത്തിലും ബന്ധമില്ലാത്തവരുടെ വീടുകളിലും നോട്ടീസ് പതിച്ചുവെന്ന് പരാതി ഉയരുന്നുണ്ട്. എന്നാല്‍ റവന്യൂ കമ്മീഷണര്‍ കത്ത് നല്‍കിയത് പ്രകാരം നടപടിയെടുക്കേണ്ടവരുടെ പട്ടികയുടെ അടിസ്ഥാനത്തിലാണ് വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എം.സി റെജില്‍ അറിയിച്ചു.
**മഞ്ചേരി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേതാക്കന്മാരുടെ ഉടമസ്തതയിലുള്ള സ്ഥാവരജംഗമവസ്തുക്കള്‍ കണ്ടുകെട്ടല്‍ തുടരുന്നു. മഞ്ചേരിയില്‍ 8.51 ഹെക്ടര്‍ ഭൂമി കണ്ടുകെട്ടി. പയ്യനാട് വില്ലേജില്‍ മാഞ്ചേരി പുതിയേടത്ത് ഉണ്ണിമുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള 2.84 ഹെക്ടര്‍ ഭൂമിയും നറുകര വില്ലേജില്‍ ഓവുങ്ങല്‍ മുഹമ്മദ് അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള 5.67 ഹെക്ടര്‍ ഭൂമിയുമാണ് റവന്യൂ റിക്കവറിയുടെ ഭാഗമായി പിടിച്ചെടുത്തത്.
ഹര്‍ത്താലിനോടനുബന്ധിച്ച് 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 13 കേസുകളിലും അറ്റാച്ച്മെന്റ് പൂര്‍ത്തിയായി. അവശേഷിക്കുന്ന അഞ്ച് എണ്ണം സാങ്കേതികകാരണങ്ങളാല്‍ പൂര്‍ത്തിയാക്കാനായില്ല. ഒരു ഭൂമിയില്‍ വഴിപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലും മറ്റൊന്ന് സര്‍ക്കാര്‍ ഭൂമിയായതിനാലുമാണ് അറ്റാച്ച്മെന്റ് പൂര്ത്തിയാക്കാനാവാത്തതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മൂന്നു കേസുകളില്‍ നേതാക്കന്മാര് സ്വന്തംപേരില്‍ നിന്നു ഭൂമി നേരത്തെ തന്നെ മാറ്റിയിരുന്നു. കാവനൂരില്‍ മൂന്നിടങ്ങളില്‍ ജപ്തി നടന്നു. മലപ്പുറം, മേല്‍മുറി, പാണ്ടിക്കാട് വില്ലേജുകളില്‍ രണ്ടുവീതവും എടവണ്ണ, പയ്യനാട്, നറുകര, പാണക്കാട് വില്ലേജുകളില്‍ ഒരോന്നു വീതവുമാണ് ജപ്തി ചെയ്തത്.
**പൊന്നാനി: പൊന്നാനി താലൂക്കില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഭൂമി ജപ്തി ചെയ്തു. രണ്ട് പ്രവര്‍ത്തകരുടെ മൂന്ന് ഭൂമിയാണ് പൊന്നാനി റവന്യൂ വിഭാഗം ജപ്തി ചെയ്തത്. മാറഞ്ചേരി വില്ലേജില്‍ പുറങ്ങ് സ്വദേശി കറുപ്പം വീട്ടില്‍ അലിയുടെ അഞ്ച് സെന്റ് ഭൂമിയും, ഇയാളുടെ ഉടമസ്ഥതയില്‍ തന്നെയുള്ള 7.38 സെന്റ് സ്ഥലവും വീടും, വട്ടംകുളം ശുകപുരം പാലക്കല്‍ ഹൗസില്‍ ഇസ്മായിലിന്റെ ഉടമസ്ഥതയിലുള്ള 14. 48 സെന്റ് സ്ഥലവും വീടുമാണ് ജപ്തി ചെയ്തത്.

