ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ കുറ്റപത്രം പുറത്തുവിട്ട് കോണ്‍ഗ്രസ്. എ.ഐ.സി.സി. ആസ്ഥാനത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, ജയ്‌റാം രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടുപേജുള്ള ഹാത് സേ ഹാത് ജോഡോ അഭിയാന്റെ ലോഗോ പ്രകാശനം ചെയ്തത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഈ മാസം 30 നാണ് അവസാനിക്കുന്നത്. അതിനു മുമ്പ് 26 നു കോണ്‍ഗ്രസിന്റെ പ്രചാരണം ആരംഭിക്കും. രണ്ട് മാസത്തിനുള്ളില്‍ പാര്‍ട്ടിയുടെ സന്ദേശം എല്ലാവീടുകളിലുമെത്തിക്കുകയാണു ലക്ഷ്യം.
ബി.ജെ.പി. സര്‍ക്കാരിന്റെ മോശം നയങ്ങള്‍ മൂലം വേദനയനുഭവിക്കുകയാണു ജനങ്ങളെന്നു കോണ്‍ഗ്രസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ദേശീയതലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേയുള്ള കുറ്റപത്രമാണ് ഇന്നലെ പുറത്തുവിട്ടത്.
ബി.ജെ.പി.യോ മറ്റു പാര്‍ട്ടികളോ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സമാനരീതിയില്‍ കുറ്റപത്രം അവതരിപ്പിക്കും. ഇതിന്റെ ചുമതല പി.സി.സികള്‍ക്കായിരിക്കും. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും പാര്‍ട്ടി ലക്ഷ്യമിടുന്നു. വീടുകളിലും പത്തുലക്ഷത്തോളം പോളിങ് ബൂത്തുകളിലും രണ്ടര ലക്ഷം പഞ്ചായത്തുകളിലും ആറുലക്ഷം വില്ലേജുകളിലും ഇതിന്റെ ഭാഗമായി പാര്‍ട്ടി നേതാക്കളെത്തും. രാഹുല്‍ ഗാന്ധിയുടെ കത്തും നേതാക്കള്‍ കൈമാറുമെന്നു കെ.സി. വേണുഗോപാല്‍ അറിയിച്ചു. മാര്‍ച്ച് 26 നു മുമ്പ് എല്ലാ വീടുകളിലും പാര്‍ട്ടിയുടെ സന്ദേശമെത്തിക്കുകയാണു ലക്ഷ്യമിടുന്നത്.

