മധ്യപ്രദേശില്‍ മൃതദേഹത്തിന്റെ കണ്ണ് കവര്‍ന്നു; എലിയെന്നു സംശയം

ഭോപാല്‍: മധ്യപ്രദേശിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളിലെ കണ്ണുകള്‍ ദുരൂഹസാഹചര്യത്തില്‍ നഷ്ടമായ നിലയില്‍. എലികള്‍ കരണ്ടെടുത്തതാണെന്നു സംശയം. 15 ദിവസത്തെ ഇടവേളയില്‍ സാഗര്‍ ജില്ലാ ആശുപത്രിയിലാണ് രണ്ടു മൃതദേഹങ്ങളുടെ ഓരോ കണ്ണുകള്‍വീതം കാണാതായത്. കഴിഞ്ഞ നാലിനും 19 നുമാണ് സംഭവം. മോട്ടിലാല്‍ ഗൗണ്ടെന്ന മുപ്പത്തിരണ്ടുകാരന്റെ മൃതദേഹത്തിലാണ് ആദ്യം കണ്ണില്ലെന്നു ശ്രദ്ധയില്‍പ്പെടുന്നത്. ഗ്രാമത്തിലെ ഫാമില്‍ ബോധരഹിതനായി വീണതിനെത്തുടര്‍ന്നാണ് ഗൗണ്ടിനെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ മരിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. പിറ്റേന്നു രാവിലെ ഡോക്ടര്‍ എത്തിയപ്പോഴാണ് ഗൗണ്ടിന്റെ ഒരുകണ്ണ് നഷ്ടമായതായി അറിയുന്നത്. ശീതീകരണ സംവിധാനം തകരാറിലായിരുന്നതിനാല്‍ മോര്‍ച്ചറിയിലെ മേശയിലാണ് മൃതദേഹം കിടത്തിയിരുന്നത്. അപ്പോള്‍ എലികള്‍ കണ്ണുകളിലൊന്ന് തുരന്നെടുത്തതാകാമെന്നാണു സംശയിക്കുന്നത്.

കഴിഞ്ഞ 19 ന് വീണ്ടും സമാനസംഭവം അരങ്ങേറി. ആരോടും പറയാതെ വീടുവിട്ടിറങ്ങി പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മരിക്കുകയും ചെയ്ത രമേഷ് അഹിവാറിന്റെ മൃതദേഹത്തില്‍നിന്നാണ് ഒരു കണ്ണ് ചൂഴ്‌ന്നെടുത്തത്.

മോര്‍ച്ചറിയില്‍ തകരാറൊന്നുമില്ലാത്ത ഫ്രീസറില്‍ സൂക്ഷിച്ചിരിക്കെയാണ് ഇതു നടന്നത്. വിവരം പുറത്തായതോടെ വിവാദമായി. സംഭവത്തില്‍ വിശദീകരണം തേടി സിവില്‍ സര്‍ജന്‍ ഉള്‍പ്പെടെ നാല് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. രണ്ടുവട്ടവും പോലീസ് സ്ഥലത്തെത്തിയിരുന്നു. മോര്‍ച്ചറിയിലെ സി.സി.ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് സംഭവത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →