ഗുജറാത്ത്: കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ ഉപേക്ഷിച്ച് സന്യാസ ജീവിതം സ്വീകരിക്കുന്നവരുടെ വാര്‍ത്തകള്‍ പലപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. ഇപ്പോള്‍ ഒരു 9 വയസുകാരി തനിക്കവകാശപ്പെട്ട സ്വത്തുക്കള്‍ ഉപേക്ഷിച്ച് സന്യാസിന് ആകാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്തിലെ സൂറത്തിലെ വെസു എന്ന പ്രദേശത്താണ് സംഭവം. വജ്രവ്യാപാരിയായ ധനേഷിന്റെയും അമി സാംഘ്വിയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്തവളാണ് ദേവാന്‍ഷി. ഇളയ സഹോദരിക്ക് നാല് വയസ്. സൂറത്തില്‍ മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള ഡയമണ്ട് പോളിഷിംഗ് ആന്‍ഡ് കയറ്റുമതി സ്ഥാപനമായ സാങ്വി ആന്‍ഡ് സണ്‍സിന്റെ ഉടമയാണ് ദേവാന്‍ഷിയുടെയും സഹോദരിയുടെയും പിതാവ് ധനേഷ്.
ജൈന സന്യാസിയായ ആചാര്യ വിജയ് കീര്‍ത്തിയാഷൂരിയുടെ സാന്നിധ്യത്തിലാണ് ദേവാന്‍ഷി സന്യാസിനി ജീവിതം സ്വീകരിച്ചത്. ചടങ്ങിന് പ്രദേശത്തെ നൂറുകണക്കിനാളുകളും എത്തിയിരുന്നു. വളരെ ചെറുപ്പം മുതലേ ആത്മീയ ജീവിതത്തിലേക്ക് ചായ് വുള്ള കുട്ടിയായിരുന്നു ദേവാന്‍ഷിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒരിക്കല്‍ ദേവാന്‍ഷി,ആത്മീയ ജീവിതം നയിക്കുന്ന സന്യാസിമാരോടൊപ്പം 700 കിലോമീറ്റര്‍ നടക്കുകയും സന്യാസം സ്വീകരിക്കുന്നതിന് താത്പര്യം കാണിക്കുകയും ചെയ്തിരുന്നെന്ന് കുടുംബ സുഹൃത്ത് നീരവ് ഷാ പറഞ്ഞു. ദേവാന്‍ഷിക്ക് അഞ്ച് ഭാഷകള്‍ അറിയാമെന്നും നിരവധി കഴിവുകളുണ്ടെന്നുമാണ് ബന്ധുക്കളുടെ അവകാശവാദം.

