ഉന്നാവ്: ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മുന്‍ ബി.ജെ.പി. നേതാവിനു പരോള്‍ അനുവദിച്ചതിനെതിരേ അതിജീവിത. മുന്‍ എം.എല്‍.എ. പുറത്തിറങ്ങുന്നതു തനിക്കും കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെ ജീവനു ഭീഷണിയാണെന്നുകാട്ടി രാഷ്ട്രപതിക്കും രാഷ്ട്രീയനേതാക്കള്‍ക്കും അതിജീവിതയുടെ കത്ത് രാജ്യത്തെ ഉലച്ച 2017-ലെ ഉന്നാവ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ബി.ജെ.പിയില്‍നിന്നു പുറത്തായ മുന്‍ എം.എല്‍.എ: കുല്‍ദീപ് സിങ് സെന്‍ഗറിന് 15 ദിവസം പരോള്‍ അനുവദിച്ചതിനെതിരേയാണ് ആശങ്ക പങ്കുവച്ച് ഇരയായ പെണ്‍കുട്ടി രംഗത്തെത്തിയത്. മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ ഈമാസം 27 മുതല്‍ അടുത്ത 10 വരെ ഡല്‍ഹി ഹൈക്കോടതിയാണു പരോള്‍ അനുവദിച്ചത്. ഇതിനുപിന്നാലെയാണ് അതിജീവിത സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചും രാഷ്ട്രപതി ഉള്‍പ്പെടെയുള്ളവര്‍ക്കു കത്തയച്ചും രംഗത്തുവന്നത്.
സെന്‍ഗറിന്റെ കുടുംബാംഗങ്ങളുടെ ഗൂഢാലോചനയില്‍ ജയിലിലായ തന്റെ അമ്മാവനു ലഭിക്കാത്ത ആനുകൂല്യമാണ് ഇപ്പോള്‍ മുന്‍ എം.എല്‍.എയ്ക്കു ലഭിച്ചിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. അതിജീവിതയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അമ്മാവന് കോടതി പരോള്‍ അനുവദിക്കാതിരുന്നത് ഓര്‍മിപ്പിച്ചാണിത്. സെന്‍ഗര്‍ ജയിലിനു പുറത്തുള്ള ഓരോ നിമിഷവും തനിക്കു മാത്രമല്ല, കുടുംബാംഗങ്ങളുടെയും കേസില്‍ നിര്‍ണായക സാക്ഷികളായവരുടെയും ജീവനു ഭീഷണിയാണെന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 16-നാണ് പരോള്‍ അനുവദിക്കണമെന്ന സെന്‍ഗറിന്റെ അപേക്ഷയില്‍ ഡല്‍ഹി െഹെക്കോടതി അനുകൂല ഉത്തരവിട്ടത്. ഫെബ്രുവരി എട്ടിനു മകളുടെ വിവാഹമാണെന്നു കാട്ടിയായിരുന്നു അപേക്ഷ. 2017-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ 2019-ലാണു സെന്‍ഗറിനെ ബി.ജെ.പി. പുറത്താക്കുന്നത്. നാലുവര്‍ഷം നിയമസഭാംഗമായ സെന്‍ഗര്‍, സഹോദരന്‍ അതുല്‍ സിങ് അടക്കമുള്ള പ്രതികള്‍ക്ക് അടുത്തവര്‍ഷം വിചാരണക്കോടതി ശിക്ഷവിധിച്ചു. ഇതിനെതിരേ സെന്‍ഗര്‍ സമര്‍പ്പിച്ച ഹര്‍ജി െഹെക്കോടതിയുടെ പരിഗണനയിലാണ്.

