ശുചിത്വ പോരാട്ടത്തിൽ മികച്ച പ്രകടനവുമായി തിരുമാറാടിയിലെ ഹരിത കർമ സേന

ശുചിത്വ പോരാട്ടത്തിൽ കേരളത്തിന്റെ സൈന്യമാണ് ഹരിത കർമ സേനയെന്ന് വിശേഷിപ്പിച്ചത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷായിരുന്നു. ഇത് അന്വർത്ഥമാക്കുന്ന തരത്തിൽ നാടിന്റെ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് തിരുമാറാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങൾ. രണ്ടര വർഷം കൊണ്ട് 4500 ടൺ മാലിന്യങ്ങളാണ് ഇതിനോടകം ഹരിത കർമ്മ സേന പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിന്നും നീക്കം ചെയ്തത്. 
 
പഞ്ചായത്തിലെ 13 വാർഡുകളിലായി 26 പേരാണ് പഞ്ചായത്തിൽ ഹരിത കർമ്മ സേനയിൽ പ്രവർത്തിക്കുന്നത്. ഇവരാണ് പഞ്ചായത്തിലെ മാലിന്യ നിർമാർജനത്തിനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ (മിനി എം.സി.എഫ്) എത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനായി എല്ലാ വാർഡുകളിലും മിനി എം.സി.എഫുകൾ സജ്ജമാക്കിയിട്ടുണ്ട്. അടുത്ത  ഘട്ടത്തിൽ തരം തിരിച്ച മാലിന്യങ്ങൾ പഞ്ചായത്തിലെ ഒന്നാം വാർഡായ വെട്ടിമൂടിൽ പ്രവർത്തിക്കുന്ന  മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ (എം.സി.എഫ്) എത്തിക്കും. ഇവിടെ നിന്ന്  സംസ്കരണത്തിനായി സ്വകാര്യ കമ്പനിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. 

2020 ഓഗസ്റ്റിലായിരുന്നു തിരുമാറാടിയിൽ  ഹരിത കർമ സേനയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. പ്രതിമാസം ശരാശരി 800 കിലോ മാലിന്യങ്ങളാണ് നിലവിൽ ഇവർ ശേഖരിക്കുന്നത്. ആവശ്യമായ സഹായങ്ങളും പിന്തുണയും സൗകര്യങ്ങളും  ഒരുക്കി സേനക്കൊപ്പം തന്നെയാണ് പഞ്ചായത്ത് ഭരണ സമിതിയും ജനപ്രതിനിധികളും. സംസ്ഥാനതലത്തിൽ തന്നെ ഹരിത കർമ സേനക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടന്നപ്പോഴും അതൊന്നും വകവയ്ക്കാതെ മുന്നോട്ട് പോകാൻ സഹായമായത് ഇത്തരം പിന്തുണ കൊണ്ടായിരുന്നു.

അജൈവ മാലിന്യ സംസ്കരണം സുതാര്യമാക്കുന്നതിനായി ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവ സംയുക്തമായി കെൽട്രോണുമായി സഹകരിച്ച്  നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷന്റെ എൻറോൾമെന്റ് നടപടികൾ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള വാർഡുകളിൽ യുദ്ധകാലാടിസ്ഥാനത്തുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനായി ബയോ ബിൻ, ബയോഗ്യാസ് തുടങ്ങിയ സംവിധാനങ്ങൾ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →