കോഴിക്കോട്: ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിയുടെ സീസണിലെ ബാക്കിയുള്ള ഹോം മത്സരങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് 4.30നു ഗോകുലം റിയല്‍ കാശ്മീരിനെ നേരിടും. നിലവില്‍ 11 മത്സരങ്ങളില്‍നിന്ന് 18 പോയിന്റുമായി അഞ്ചാംസ്ഥാനത്താണ് മലബാറിയന്‍സ്.
മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് കേരള ക്ലബിന്റെ ഇതുവരെയുള്ള ഹോം മത്സരങ്ങള്‍ നടന്നത്. ഇവിടെ ആറു മത്സരങ്ങളില്‍ നാലുവിജയം നേടിയ ഗോകുലം ഒരു സമനിലയും തോല്‍വിയും നേരിട്ടു. കോഴിക്കോട് അഞ്ച് ഹോം മത്സരങ്ങളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ആറ് എവേ മാച്ചുകളും ഐലീഗ് സീസണില്‍ അവശേഷിക്കുന്നു.
സ്പാനിഷ് പരിശീലകന്‍ ഫ്രാന്‍സെസ് ബോണറ്റിനു കീഴിലാണു ടീം ഇറങ്ങുന്നത്. തുടര്‍ച്ചയായ തോല്‍വിയെത്തുടര്‍ന്ന് കാമറൂണിയന്‍ പരിശീലകന്‍ റിച്ചാര്‍ഡ് തോവയ്ക്കു പകരക്കാരനായി അടുത്തിടെയാണ് രാജസ്ഥാന്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകനെ ഗോകുലം മാനേജ്‌മെന്റ് നിയമിച്ചത്. ആക്രമണത്തിന് ശക്തികൂട്ടാനായി സെര്‍ജിയോ മെന്‍ഡി, ഒമര്‍ റാമോസ് എന്നീ വിദേശതാരങ്ങളുമായും കരാറിലേര്‍പ്പെട്ടു. ഇതിനു പുറമെ മലയാളി സ്‌ട്രൈക്കര്‍ ജോബി ജസ്റ്റിന്‍, കിര്‍ഗിസ്ഥാനില്‍നിന്നുള്ള എല്‍ദാര്‍ മൊള്‍ഡോഷുനുസോവ് എന്നിവരെയും കൂടാരത്തിലെത്തിച്ചു. ഇനിയുള്ള മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തി കിരീടംനിലനിര്‍ത്തുകയാണു ടീം ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സി.ഇ.ഒ. ഡോ. അശോക് കുമാര്‍, ഹെഡ്‌കോച്ച് ഫ്രാന്‍സെസ് ബൊണെറ്റ്, ഡി.ജി.എം. എം.കെ. ബൈജു, ഉണ്ണി പരവന്നൂര്‍, കെവിന്‍ കിഷോര്‍ എന്നിവര്‍ പങ്കെടുത്തു.

