ത്രിപുര ഫെബ്രു. 16, നാഗാലാന്‍ഡ്, മേഘാലയ 27; ഫലം മാര്‍ച്ച് 2ന്

ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 16ന് വോട്ടെടുപ്പ് നടത്തും. നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27നായിരിക്കും വോട്ടെടുപ്പ്. മാര്‍ച്ച് രണ്ടിനു ഫലം പുറത്തുവരും.

ത്രിപുരയില്‍ ഈ മാസം 21 നു വിജ്ഞാപനം പുറത്തുവരും. നാമനിര്‍ദേശ പത്രിക 30 വരെ നല്‍കാം. മറ്റു രണ്ടു സംസ്ഥാനങ്ങളിലും 31 വരെ നാമനിര്‍ദേശ പത്രിക നല്‍കാം. ഈ സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി മാര്‍ച്ചിലാണ് അവസാനിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും 60 അംഗ നിയമസഭയാണ്.
കശ്മീരില്‍ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. സുരക്ഷ, കാലാവസ്ഥ, മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് എന്നിവ കണക്കിലെടുത്തായിരിക്കും അവിടെ തെരഞ്ഞെടുപ്പ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. മൂന്നു സംസ്ഥാനങ്ങളിലും ബി.ജെ.പി. ഭരണത്തിന്റെ ഭാഗമാണ്. ത്രിപുരയില്‍ 25 വര്‍ഷം നീണ്ട സി.പി.എം. ആധിപത്യം അവസാനിപ്പിച്ചാണു ബി.ജെ.പി. അധികാരത്തിലെത്തിയത്. ഇവിടെ ബി.ജെ.പിയെ നേരിടാന്‍ കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണു കോണ്‍ഗ്രസും സി.പി.എമ്മും. നാഗാലാന്‍ഡില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ എന്‍.ഡി.പി.പിയാണ് അധികാരത്തില്‍. മേഘാലയയില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ എന്‍.പി.പിയാണു ഭരിക്കുന്നത്.

Share
അഭിപ്രായം എഴുതാം