പാഠ്യപദ്ധതി പരിഷ്‌കരണം: ജില്ലാതല ജനകീയ സെമിനാര്‍ നടത്തി

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്ര(ഡയറ്റ്)ത്തിന്റെ നേതൃത്വത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ വിപുലമായ ജനകീയ ചര്‍ച്ചകളുടെ ക്രോഡീകരണത്തിനും അവതരണത്തിനുമായി ജില്ലാതല ജനകീയ സെമിനാര്‍ സംഘടിപ്പിച്ചു. കേരളത്തിലെ പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാലയങ്ങളില്‍ വരും വര്‍ഷങ്ങളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തെക്കുറിച്ച് രക്ഷാതാക്കള്‍, വിദ്യാര്‍ഥികള്‍,  അധ്യപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, പൊതുസമൂഹം എന്നിവരില്‍ നിന്നുമുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിച്ച് ക്ലാസ്- വിദ്യാലയ-പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ വിപുലമായ ജനകീയ ചര്‍ച്ചകളുടെയും അഭിപ്രായ ശേഖരണത്തിന്റെയും തുടര്‍ച്ചയായാണ് ജില്ലാതല ജനകീയ സെമിനാര്‍ സംഘടിപ്പിച്ചത്. വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ ചര്‍ച്ചകളുടെ ക്രോഡീകൃത റിപ്പോര്‍ട്ട് പരിപാടിയില്‍ പ്രകാശനം ചെയ്തു. കേരളത്തില്‍ ആദ്യമായാണ് സ്‌കൂള്‍ പാഠ്യപദ്ധതി നവീകരണത്തിനായി ഇത്രയും വിപുലമായ ജനകീയ അഭിപ്രായശേഖരണം നടത്തുന്നതെന്നും ഇത് കേരളത്തിന്റെ ജനകീയ വിദ്യാഭ്യസ ചരിത്രത്തിലെ നിര്‍ണായകമായ വഴിത്തിരിവാമെന്നും സെമിനാര്‍ വിലയിരുത്തി. പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി. ശശിധരന്‍, സമഗ്ര ശിക്ഷാ കേരള ജില്ലാ കോ-ഓഡിനേറ്റര്‍ സി. സുരേഷ് കുമാര്‍, വിദ്യാകിരണം ജില്ലാ കോ-ഓഡിനേറ്റര്‍ ടി. ജയപ്രകാശ്, ജില്ലാ കോ-ഓഡിനേറ്റര്‍ അജിത വിശ്വനാഥ്, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവര്‍ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →