കുഷ്ഠരോഗ നിര്‍മാര്‍ജന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ അഞ്ചാം ഘട്ടത്തിന് ജില്ലയിൽ തുടക്കമായി. ജനുവരി 31 വരെ രണ്ടാഴ്ചക്കാലമാണ് അശ്വമേധം 5.0 എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കെ.ബാബു എം.എൽ.എ നിർവഹിച്ചു. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാരിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. അശ്വമേധം ഭവന സന്ദർശന പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വീടുകളിലും പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ സന്ദര്‍ശനം നടത്തുകയും കുഷ്ഠ രോഗത്തിനു സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടുപിടിക്കുകയും അവരെ രോഗ നിര്‍ണയത്തിനായി ആശുപത്രിയിൽ പോകുന്നതിനുള്ള നിർദ്ദേശം നല്‍കുകയും ചെയ്യും.
ഒരു സ്ത്രീ വോളന്റിയറും, പുരുഷ വോളന്റിയറുമാണ് ഭവന സന്ദർശനം നടത്തുക. ചിട്ടയായ ഭവന സന്ദര്‍ശനവും ഗൃഹപരിശോധനയിലൂടെ കണ്ടെത്തിയ രോഗികള്‍ക്ക് തുടര്‍ ചികിത്സയും ഉറപ്പ് വരുത്തും. ഭവന സന്ദർശനം സുഗമമായി നടത്തുന്നതിന്റെ ഭാഗമായി 8,924 വോളന്റീയർമാർക്ക് പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട്.
2018-2021 വര്‍ഷങ്ങളില്‍ നാല് ഘട്ടങ്ങളിലായി ജില്ലയില്‍ അശ്വമേധം പരിപാടി സംഘടിപ്പിച്ചിരുന്നു. 2018 ഡിസംബറിൽ നടത്തിയ ആദ്യഘട്ട ക്യാംപയിനിൽ 14 ലെപ്രസി കേസുകളും, 2019, 2020 വർഷങ്ങളിൽ നടത്തിയ ക്യാംപയിനിൽ അഞ്ച് വീതം കേസുകളും, 2021 ൽ നടന്ന നാലാം ഘട്ട ക്യാപയിനിൽ നാല് കേസുകളും കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു.
ആരംഭത്തിലേ കണ്ടുപിടിച്ചു ചികിത്സിച്ചാൽ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണു കുഷ്ഠം. നിറം മങ്ങിയതോ ചുവന്നതോ ആയ, സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കുക, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മ്മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങൾ, വൈകല്യങ്ങള്‍ എന്നിവയാണു കുഷ്ഠരോഗ ലക്ഷണങ്ങൾ. പ്രതിരോധ ശേഷി കുറഞ്ഞവരിലാണു രോഗം പ്രത്യക്ഷപ്പെടാറുള്ളത്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചതിനു ശേഷം മൂന്ന് മുതൽ അഞ്ച് വര്‍ഷം വരെയാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു മാത്രമേ കുഷ്ഠരോഗം പകരുകയുള്ളൂ. വിവിധ ഔഷധ ചികിത്സയിലൂടെ ഏതവസ്ഥയിലും കുഷ്ഠരോഗം പരിപൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയും. രോഗാണു സാന്ദ്രത കുറഞ്ഞ കേസുകൾ ആറ് മാസത്തെ ചികിത്സയും കൂടിയ കേസുകൾ 12 മാസത്തെ ചികിത്സയും എടുക്കണം. കുഷ്ഠ രോഗത്തിനുള്ള ചികിത്സ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്.
മരട് നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ മരട് നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഡി രാജേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഷാജി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻഷാദ് നടുവിലവീട്, വാർഡ് കൗൺസിലർ സി.ആർ ഷാനവാസ്, ജില്ലാ ലെപ്രസി ഓഫീസർ ഡോ.കെ. സവിത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി, നെട്ടൂർ പി.എച്ച്.സി മെഡിക്കൽ ഓഫീസർ എസ്.ജീന എന്നിവർ സംസാരിച്ചു.

